ഇപ്പോള്‍ സാവിയൊരിക്കലും ബാഴ്‌സ പരിശീലകനാകരുത്! മുന്നറിയിപ്പുമായി മുൻ ബാഴ്‌സ പ്രസിഡന്റ്

ഇപ്പോഴത്തെ ബാഴ്‌സലോണ ബോർഡിനു കീഴിൽ ബാഴ്‌സ പരിശീലകനാവാൻ ശ്രമിക്കരുതെന്നു മുൻ ബാഴ്‌സലോണ താരമായ സാവി ഹെർണാണ്ടസിന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ് മുൻ ബാഴ്‌സലോണ പ്രസിഡന്റായിരുന്ന ജോവാൻ ലപോർട്ട. 2003 മുതൽ 2012 വരെയുള്ള ബാഴ്‌സയുടെ സുവർണകാലഘട്ടത്തിൽ പ്രസിഡന്റായിരുന്ന ആളാണ് ജൊവാൻ ലപോർട്ട.

ഇനി വരുന്ന ബാഴ്‌സയുടെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണ് ലപോർട്ട. ഇപ്പോഴത്തെ ബോർഡിൻറെ കെടുകാര്യസ്ഥതയെക്കുറിച്ച് വാചാലനായ ലപോർട്ട സാവി ബാഴ്‌സയിലേക്ക് പരിശീലകനായി തിരിച്ചെത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. താന്‍ സാവിയായിരുന്നെങ്കിൽ ഒരിക്കലും ഈ ബോർഡിൻറെ കീഴിൽ പരിശീലകനായി വരില്ലെന്നാണ് ലാപോർട്ട അഭിപ്രായപ്പെട്ടത്.

2003-2012 കാലഘട്ടത്തിൽ ലപോർട്ടയുടെ ബോർഡിന്റെ കീഴിൽ മികച്ച പരിശീലകനായ പെപ്‌ ഗാർഡിയോളക്കൊപ്പം ബാഴ്‌സ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

2021ല്‍ ബാഴ്‌സയുമായി കരാര്‍ അവസാനിക്കുന്ന മെസിയെക്കുറിച്ച് വാചാലനാവാനും മുന്‍ പ്രസിഡന്റ് മറന്നില്ല. മെസിക്ക് അദ്ദേഹത്തിന്റെ കരിയറിന്റെ അവസാനത്തില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കികൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്ന് ലപോര്‍ട്ട അഭിപ്രായപ്പെടുന്നു.

സോഷ്യല്‍ മീഡിയ വിവാദങ്ങളുമായി ബന്ധപ്പെട്ടു ബെര്‍തെമ്യുവിനെ വിമര്‍ശിച്ച ലപോര്‍ട്ട മെസിക്ക് 2021 വരെ ബാഴ്സയില്‍ തുടരാനാവട്ടെയെന്നും ഇപ്പോഴത്തെ ബോര്‍ഡില്‍ നിന്നുള്ള ഓരോ മോശം തീരുമാനങ്ങളും മെസിയെ ബാഴ്സക്ക് നഷ്ടപെടുന്നതിന് കരണമായേക്കാമെന്നും അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇവിടെ നടക്കുന്നത് ബാഴ്സയുടെ വഴിയല്ലെന്നും എല്ലാം ബെര്‌തെമ്യുയുടെ വഴിയാണെന്നും ലപോര്‍ട്ട ആരോപിച്ചു.

You Might Also Like