മെസി ബാഴ്‌സ വിടാനൊന്നും പോകുന്നില്ല, നിര്‍ണ്ണായക വെളിപ്പെടുത്തല്‍
സൂപ്പർ താരം ലയണൽ മെസി ബാഴ്‌സ വിടുമോയെന്നുള്ളതാണ് ഫുട്ബോൾ ലോകതെ ഇപ്പോഴത്തെ ചർച്ച. ബാഴ്‌സയുടെ വിശ്വസനീയമായ മാധ്യമങ്ങളിൽ നിന്നും വരുന്ന വാർത്തകൾ ബാഴ്‌സ ആരാധകർക്ക് അത്ര ശുഭകരമല്ല. എന്നിരുന്നാലും ബാഴ്‌സയുടെ ഭാഗത്ത് നിന്നൊ മെസിയുടെ ഭാഗത്ത് നിന്നോ ഔദ്യോഗികമായ സ്ഥിരീകരണങ്ങളോ വിശദാംശങ്ങളോ വരാത്തത് ആരാധകർക്ക് താത്കാലികാശ്വാസം നൽകുന്നുണ്ട്
എന്നാലിപ്പോൾ മറ്റൊരു ആശ്വാസവചനങ്ങളുമായി മുൻ ബാഴ്‌സ പ്രസിഡന്റ് ജൊവാൻ ഗാസ്പാർട്ട് മുന്നോട്ട് വന്നിരിക്കുകയാണ്. ലയണൽ മെസി ഈ സീസണിൽ ക്ലബ് വിടാനൊന്നും പോവുന്നില്ല എന്നാണ് മുൻ പ്രസിഡന്റിന്റെ പക്ഷം. എന്നാൽ അടുത്ത സീസണിൽ മെസി ക്ലബ് വിടാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. 2000 മുതൽ 2003 വരെ ബാഴ്സയുടെ പ്രസിഡന്റ് പദവി അലങ്കരിച്ച വ്യക്തിയാണ് ഗാസ്പാർട്ട്.
"Are the millions of club members who ask him to stay not worth it?" 😤
— GOAL News (@GoalNews) August 26, 2020
“മെസി ഈ സീസണിൽ ബാഴ്‌സ വിടാനൊന്നും പോവുന്നില്ല. അദ്ദേഹം പോവുന്നെങ്കിൽ അത് അടുത്ത വർഷമായിരിക്കും. ഞാൻ അദ്ദേഹത്തിന്റെ കരാർ നോക്കിയിട്ടുള്ളതാണ്. കാര്യം വ്യക്തമാണ്. മെസിക്ക് ക്ലബ് വിടാനുള്ള ക്ലോസ് ജൂണിൽ അവസാനിച്ചു. ആ അവസരം ഇനി കിട്ടാൻ സാധ്യതയില്ല.”
അടുത്ത വർഷം മെസി പോവുന്നതിനാണ് ഞാൻ പരിഗണന നൽകുന്നത്. ക്ലബാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്, അല്ലാതെ താരങ്ങളല്ല, ഇത് പണത്തെ സംബന്ധിച്ചുള്ളതുമല്ല. അവിടെ ഒപ്പുവെക്കപ്പെട്ട ഒരു കരാറുണ്ട്. അതിന് മാത്രമേ വിലയുള്ളൂ.” മാർക്കക്ക് നൽകിയ അഭിമുഖത്തിൽ ഗാസ്പാർട്ട് സംസാരിച്ചു. ഈ സീസണിൽ ബാഴ്‌സ ക്ലബ് അനുവദിച്ചാൽ മാത്രമേ മെസിക്ക് ക്ലബ് വിടാൻ സാധിക്കുകയുള്ളു. എന്നാൽ കൊറോണ മൂലമുള്ള ഫിഫയുടെ ഇളവുകൾ മെസിക്കനുകൂലമായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.