മറഡോണയുടെ പാത പിന്തുടർന്ന് മെസി നാപോളിക്ക് വേണ്ടി കളിക്കണം, മുൻ ബാഴ്സ താരത്തിന്റെ ഉപദേശം

ബാഴ്സക്കു വേണ്ടി കളിച്ചതിനു ശേഷം നാപോളിയിലേക്ക് ചേക്കേറി അവിടുത്തെ ഇതിഹാസവും നാപിൾസ് ജനതയുടെ ദൈവവുമായി മാറിയ ലോകഫുട്ബോൾ ഇതിഹാസമാണ് ഡിയെഗോ മറഡോണ. നാപോളിയിലേക്ക് ചേക്കേറിയതിനു ശേഷം ആ ക്ലബ്ബിനെ ഇറ്റാലിയൻ ഫുട്ബോളിന്റെ നെറുകയിലെത്തിക്കുകയും രണ്ടു തവണ 1987ലും 1990ലും ഇറ്റാലിയൻ കിരീടം നേടിക്കൊടുക്കാനും മറഡോണക്ക് സാധിച്ചിരുന്നു. ഇക്കാരണത്താലാണ് അദ്ദേഹത്തെ ദൈവത്തെ പോലെ നാപ്പിൾസ് ജനത ഇപ്പോഴും ആരാധിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് മറഡോണക്ക് ആദരസൂചകമായി അവരുടെ പ്രിയ ക്ലബ്ബിന്റെ സ്റ്റേഡിയത്തിന്റെ പേരു ഡിയെഗോ അർമാൻഡോ മറഡോണയെന്നു പുനർനാമകരണം ചെയ്തത്. ഈ ഇതിഹാസപൂർണമായ മറഡോണയുടെ പാത ബാർസ സൂപ്പർതാരം ലയണൽ മെസിക്കും പിന്തുടരാമെന്നും മറഡോണയോടുള്ള ആദരവ് പ്രകടിപ്പിക്കാമെന്നാണ് മുൻ ബാഴ്സ താരമായ കെവിൻ പ്രിൻസ് ബോട്ടെങ്ങിന്റെ അഭിപ്രായം. പ്രമുഖ മാധ്യമമായ ഇഎസ്പിഎന്നിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്.

“മറഡോണയും മെസിയുമായുള്ള താരതമ്യങ്ങൾ ഞാൻ ഇടക്ക് കേൾക്കാറുണ്ട്. അതുകൊണ്ടു തന്നെ ലിയോക്ക് എനിക്കൊരു നിർദ്ദേശം മുന്നോട്ടുവെക്കാനുണ്ട്. അദ്ദേഹത്തിന്റെ ബാഴ്സയിലെ കരാറിന്റെ കാലാവധി അവസാനിക്കുമ്പോൾ അദ്ദേഹം നാപോളിയിലേക്ക് പോവണം. ഡീ ലോറന്റീസിനോട് മെസി തന്നെ താൻ വരുകയാണെന്നു വിളിച്ചു പറയുകയാണെങ്കിൽ അതൊരു മഹത്തായ കാര്യമായിരിക്കും.”

“അവർ നമ്പർ 10 ജേഴ്‌സി റിട്ടയർ ചെയ്തുവെങ്കിലും എനിക്കു മറഡോണയുടെ നമ്പർ പത്തിനെ ആദരിക്കണമെന്നും ഒന്ന് രണ്ടു വർഷം പണത്തിനെക്കുറിച്ച് ചിന്തിക്കാതെ ഹൃദയത്തിൽ തൊട്ടു നാപോളിക്കായി കളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടണം. ഒരുപക്ഷെ അദ്ദേഹത്തിനു അവിടെ കിരീടം നേടാൻ സാധിച്ചാൽ അത് മറ്റൊരു ദൈവത്തിന്റെ അവരോഹണമായിത്തീരും. ഒരു സിനിമാക്കഥ പോലെ. ഞാനായിരുന്നു അദ്ദേഹമെങ്കിൽ അത് ചിന്തിച്ചേനെ. ക്ലബ്ബ് തലത്തിൽ അദ്ദേഹമെല്ലാം നേടിയിട്ടുണ്ട്. എന്നാൽ ഒരു ഇതിഹാസരൂപേണ എല്ലാം അവസാനിപ്പിക്കുന്നത് ഒരു അവിശ്വസനീയമായ കാര്യമായിരിക്കും.” ബോട്ടെങ്‌ അഭിപ്രായപ്പെട്ടു.

You Might Also Like