ഗ്രീസ്‌മാനുള്ള കുഴി ഗ്രീസ്‌മാൻ തന്നെ വെട്ടിയതാണ്, ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിന് വിമർശനവുമായി മുൻ അത്ലറ്റിക്കോ താരം

ബാഴ്സക്കായി പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ ബുദ്ധിമുട്ടുന്ന സൂപ്പർതാരമാണ് അന്റോയിൻ ഗ്രീസ്മാൻ. കൂമാനു കീഴിൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്ന ഗ്രീസ്‌മാന്‌ ബാഴ്സക്കായി ഇതുവരെ ഗോൾ നേടാൻ സാധിച്ചിട്ടില്ലെന്നതും വലിയ പ്രതിസന്ധിയായി തന്നെ തുടരുകയാണ്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ എൽ ക്ലാസിക്കോയിലും 80 മിനുട്ടു വരെ താരത്തെ ബെഞ്ചിലിരുത്തുകയാണ് കൂമാൻ ചെയ്തത്.

അത്ലറ്റികോയിൽ നിന്നും ബാഴ്സയിലെത്തിയ ശേഷം പ്രകടനത്തിൽ കാര്യമായ കുറവാണു ഗ്രീസ്‌മാന്‌ സംഭവിച്ചത്. സാധാരണ പൊസിഷനിൽ നിന്നും മാറി കളിക്കേണ്ടി വന്ന താരത്തിനു പഴയ ഫോമിലേക്ക് തിരിച്ചെത്താൻ സാധിക്കാതെ വരികയായിരുന്നു. ഒപ്പം മെസിയുടെ പൊസിഷനുമായി സമയമുള്ള പൊസിഷനിൽ കളിക്കുന്നതിനാലും ഗ്രീസ്മാനു മികച്ച രീതിയിൽ ഇണങ്ങിചേരാൻ കഴിയാതെ വരുകയായിരുന്നു.

എൽ ക്ലാസിക്കോയിലും താരത്തിനു അവസരം ലഭിക്കാതെ വന്ന സാഹചര്യത്തിൽ താരത്തിന്റെ ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അത്ലറ്റിക്കോ മാഡ്രിഡ്‌ താരമായ അൽവാരോ ഡോമിൻഗ്വസ്. ട്വിറ്ററിലൂടെയാണ് ഗ്രീസ്മാന്റെ ശോചനീയാവസ്ഥയെക്കുറിച്ച് തുറന്നടിച്ചത്.

ഗ്രീസ്മാനുള്ള കുഴിമാടം ഗ്രീസ്മാൻ തന്നെ വെട്ടിയതാണെന്നാണ് ട്വിറ്ററിലൂടെ അൽവാരോ അഭിപ്രായപ്പെട്ടത്. അത്ലറ്റിക്കോ മാഡ്രിഡ്‌ വിട്ടു ബാഴ്‌സയിലേക്ക് ചേക്കേറിയത് തെറ്റായിപ്പോയെന്നാണ് അദ്ദേഹം ഈ ട്വീറ്റിലൂടെ ചൂണ്ടിക്കാണിച്ചത്. മോശം പ്രകടനം തുടർന്നാൽ ബാഴ്സയിൽ ഗ്രീസ്മാന്റെ നിലനിൽപിന് ഭീഷണിയാവുമെന്നുറപ്പായിരിക്കുകയാണ്. ജനുവരിയിൽ തന്നെ ബാഴ്സ വിടാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.

You Might Also Like