ഗോകുലം പരിശീലകന്‍ കോവിഡ് ബാധിച്ച് മരിച്ചു, ഞെട്ടലില്‍ കായിക ലോകം

Image 3
FootballISL

കേരളത്തില്‍ നിന്നുളള ഏക ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയുടെ മുന്‍ സഹ പരിശീലകന്‍ കോവിഡ് ബാധിച്ച് മരിച്ചു. ഗോകുലം കേരളയോടൊപ്പം ആദ്യ സീസണില്‍ ഉണ്ടായിരുന്ന സഹ പരിശീലകന്‍ മുഹമ്മദ് അലൗഷ് (44) ആണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.

ഈജിപ്ത് സ്വദേശിയായ ഇദ്ദേഹത്തിന്റെ അമ്മയും കോവിഡ് ബാധിച്ച് മൂന്ന് ദിവസം മുമ്പ് മരിച്ചിരുന്നു. അതിന് പിന്നാലെയാണ് അലൗഷും മരണത്തിന് കീഴടങ്ങിയത്. ഗോകുലം ക്ലബിനെ ഏറെ ദുഖത്തിലാഴ്ത്തിയ സംഭവമായി ഇത് മാറി.

നല്ലൊരു സുഹൃത്തിനെയാണ് അലൗഷിയുടെ മരണത്തോടെ നഷ്ടമായതെന്ന് ഗോകുലം കേരള എഫ് സിയുടെ ടെക്‌നിക്കല്‍ ഡയറക്ടര്‍ ബിനോ ജോര്‍ജ് സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പ്രതികരിച്ചു. ഒരാഴ്ച്ച മുമ്പാണ് അദ്ദേഹം ഈജിപ്തിന്‍ നിന്ന് തന്നെ വിളിച്ചതെന്നും താനും, കുടുംബവും കോവിഡ് ബാധിച്ച് ചികില്‍സയിലാണെന്ന് അലൗഷ് പറഞ്ഞിരുന്നതായും ബിനോയ് പറയുന്നു. അദ്ദേഹത്തെ പോലെ ശാരീരിക ക്ഷമതയുള്ള ഒരാള്‍ കോവിഡ് ബാധിച്ച് മരിക്കുക എന്നത് ഞെട്ടിക്കുന്നതാണെന്ന് ബിനോയ് കൂട്ടിച്ചേര്‍ത്തു.

ഗോകുലം കേരളയുടെ ആദ്യ സീസണില്‍ കോച്ച് ബിനോ ജോര്‍ജിന്റെ സഹ പരിശീലകനായാണ് ഇദ്ദേഹം നിയമിതനാകുന്നത്. ആ സീസണ്‍ അവസാനത്തോടെ അദ്ദേഹം ക്ലബ് വിടുകയും ചെയ്തു. ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലും ഇദ്ദേഹം പരിശീലകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഈജിപ്ഷ്യന്‍ ക്ലബായ ടാന്റ എഫ് സിയുടെ പരിശീലകനായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് മരണത്തിന് അലൗഷ് കീഴടങ്ങുന്നത്.