വില്ലിയാനെ ചെൽസി വിട്ടുകളഞ്ഞതെന്നെ അത്ഭുതപ്പെടുത്തി, വെളിപ്പെടുത്തലുമായി മുൻ ആഴ്‌സണൽ താരം

Image 3
EPLFeaturedFootball

ബ്രസീലിയൻ സൂപ്പർ താരം വില്ലിയാനെ ചെൽസി വിട്ടുകളഞ്ഞത് തനിക്കിപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ആഴ്സണൽ താരം പോൾ മേഴ്സൺ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചെൽസിക്കെതിരെ ഇത്തരമൊരു വിമർശനവുമായി മുന്നോട്ടു വന്നത്. വില്ലിയാനെ ഫ്രീ ട്രാൻസ്ഫറിൽ പറഞ്ഞു വിട്ടത് ചെൽസി ചെയ്ത വലിയ അബദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

സമ്മർ ട്രാൻസ്ഫറിലാണ് വില്യൻ ചെൽസി വിട്ട് ലണ്ടൻ ചിരവൈരികളായ ആഴ്സണലിലേക്ക് ചേക്കേറിയത്. മുപ്പത്തിരണ്ടുകാരനായ താരത്തിന്റെ കരാർ ഈ വർഷത്തോടെ അവസാനിച്ചിരുന്നു. രണ്ട് വർഷത്തേക്ക് കരാർ പുതുക്കാനാണ് ചെൽസി മുന്നോട്ടുവെച്ചതെങ്കിലും മൂന്നു വർഷത്തേക്ക് പുതുക്കണമെന്ന് വില്യൻ ആവിശ്യപ്പെടുകയായിരുന്നു. ഇതിന് ചെൽസി സമ്മതിക്കാതിരുന്നതോടെയാണ് ചെൽസി വിടാൻ തീരുമാനമെടുത്തത്.

” വില്ലിയാനെ ചെൽസി വിട്ടുകളഞ്ഞെന്നുള്ളത് എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. അവർക്ക് മികച്ച താരങ്ങളെ കിട്ടിയെന്നുള്ളത് എനിക്കറിയാം. പക്ഷെ അവർ അവരുടെ മികച്ച താരത്തെയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. അവർ വാങ്ങിയ താരങ്ങളെയെല്ലാം എനിക്കിഷ്ടമായെങ്കിലും അതിനായി ഒരുപാട് പണം അവർ ചിലവഴിച്ചു, മാത്രമല്ല പലരുടെയും സാലറി വില്ലിയന്റെതിന് തുല്യമാണ്. വില്യനെ കൈവിട്ടത് ചെൽസി ചെയ്ത അബദ്ധമാണ് ” മേഴ്സൺ അഭിപ്രായപ്പെട്ടു.

ആഴ്സണലിൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനമാണ് വില്ലിയാൻ നടത്തിയത്. ഫുൾഹാമിനെതിരെ രണ്ട് അസിസ്റ്റുകൾ നേടാൻ താരത്തിനായി. എന്നാൽ പരിശീലകൻ ലാംപാർഡിന്റെ കാര്യത്തിൽ മേഴ്സണു ആശങ്കയുണ്ട്. ഇത്രയും താരങ്ങളെ ടീമിലെത്തിച്ച സ്ഥിതിക്ക് ലംപാർഡ് ഈ സീസണിൽ തന്നെ കിരീടം നേടണമെന്നാണ് മേഴ്‌സന്റെ പക്ഷം. ലംപാർടിന് നാലു വർഷമൊന്നും അവസരം ലഭിക്കാൻ പോവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.