മെസി ബാഴ്സ വിടുന്നതാണ് കൂമാനു നല്ലത്, തുറന്ന് പറഞ്ഞ് മുൻ അയാക്സ് താരം

Image 3
FeaturedFootballLa Liga

ഈ സാഹചര്യത്തിൽ സൂപ്പർ താരം ലയണൽ മെസി ക്ലബ്‌ വിട്ടാൽ പരിശീലകൻ റൊണാൾഡ് കൂമാനാണ് അതിന്റെ ഗുണമെന്നാണ് അയാക്സ്-ഈജിപ്ഷ്യൻ താരം മിഡോയുടെ അഭിപ്രായം. ഈജിപ്ഷ്യൻ ചാനലിൽ ഫുട്ബോൾ അനലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന താരം അദ്ദേഹത്തിന്റെ തന്നെ ടിവി ഷോയിലാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്.

താൻ കൂമാന്റെ കീഴിൽ കളിച്ച അനുഭവത്തിൽ നിന്നാണ് പറയുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മെസി നിൽക്കുകയാണെങ്കിൽ കൂമാനായിരിക്കും അതിന്റെ ബുദ്ധിമുട്ടനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മെസി ഡ്രസിങ് റൂമിലുണ്ടെങ്കിൽ കൂമാനു സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാനും തന്റെതായ രീതിയിൽ ടീമിനെ വളർത്തിയെടുക്കാനും സാധിക്കില്ലെന്നു മിഡോ ചൂണ്ടിക്കാണിച്ചു. 2001 മുതൽ 2003 വരെ അയാക്സിന്റെ താരമായിരുന്നു മിഡോ.

എന്നെ പരിശീലിപ്പിച്ച കോച്ചുമാരിൽ ഏറ്റവും മികച്ചയാളാണ് കൂമാൻ. വളരെയധികം ശക്തമായ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. പക്ഷെ മെസി ബാഴ്സയിൽ തുടരുകയാണെങ്കിൽ അദ്ദേഹം ഒരുപാട് പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും. കൂമാനു ഏറ്റവും ഗുണകരമായ കാര്യം മെസി ക്ലബ് വിടുകയാണെന്നുള്ളതാണ്. മെസി ഡ്രസിങ് റൂമിൽ തുടരുകയാണെങ്കിൽ കൂമാന് തന്റേതായ രീതിയിൽ പുതിയ ബാഴ്‌സയെ നിർമിച്ചെടുക്കാൻ സാധിക്കില്ല.

രണ്ടര വർഷത്തോളം ഞാൻ കൂമാന് കീഴിൽ കളിച്ച വ്യക്തിയാണ്. ഇപ്പോഴും അദ്ദേഹത്തിന് ചില താരങ്ങളെ നിയന്ത്രിക്കാൻ കഴിയാറില്ല. അതിനാൽ അത്തരം താരങ്ങൾ ടീമിൽ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്” മിഡോ അഭിപ്രായപ്പെട്ടു. ബാഴ്സയിൽ വന്നതിനു ശേഷം ആദ്യത്തെ കണ്ടുമുട്ടലിൽ കൂമാൻ മെസിയോട് താരത്തിന്റെ ബാഴ്സലോണയിൽ ലഭിക്കുന്ന പ്രത്യേക പരിഗണന ഇനി കിട്ടില്ലെന്നറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.