മെസി ഇനി ലോകഫുട്ബോളിലെ രണ്ടാമത്തെ ബില്യണെയർ, സൂപ്പർതാരങ്ങളുടെ സമ്പാദ്യവിവരങ്ങൾ ഫോർബ്‌സ് പുറത്തുവിട്ടു

Image 3
FeaturedFootball

ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണെയർ എന്ന ഖ്യാതി സൂപ്പർ താരം ലയണൽ മെസിക്ക് സ്വന്തമായിരിക്കുകയാണ്. ഇന്നലെ ഫോർബ്‌സ് മാസിക പുറത്തു വിട്ട കണക്കുകൾ പ്രകാരമാണ് ലയണൽ മെസി ഫുട്ബോൾ ലോകത്തെ രണ്ടാമത്തെ ബില്യണെയറായത്. ഫുട്ബോൾ ലോകത്തെ ഒന്നാമത്തെ ബില്യണെയറായി മാറിയത് സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയായിരുന്നു. നിലവിൽ ഒരു ബില്യൺ ഡോളറാണ് മെസി തന്റെ കരിയറിൽ സമ്പാദിച്ചത്.

പുതിയ കണക്കുകൾ പ്രകാരം 126 മില്യൺ ഡോളറാണ് മെസി കഴിഞ്ഞ സീസണിൽ സമ്പാദിച്ചത്. ശമ്പളമായി 92 മില്യൺ ഡോളർ മെസി സമ്പാദിച്ചു. കൂടാതെ മറ്റു വരുമാനമാർഗങ്ങളിലൂടെ 34 മില്യൺ ഡോളറും മെസി സ്വന്തമാക്കി. അഡിഡാസ്, പെപ്സി, അൽ വിഷൻ കമ്പനി എന്നീ കമ്പനികളാണ് മെസിയുടെ പ്രധാനവരുമാനമാർഗങ്ങൾ. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ സമ്പാദിച്ച രണ്ടാമത്തെ താരം റൊണാൾഡോയാണ്. 117 മില്യൺ ഡോളറാണ് ക്രിസ്ത്യാനോയുടെ വരുമാനം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും നൈക്കി, ഹെർബലൈഫ് എന്നിവ വഴിയുമാണ് ക്രിസ്ത്യാനോയുടെ മറ്റു വരുമാനമാർഗങ്ങൾ.

സൂപ്പർ താരം നെയ്മർ ജൂനിയറാണ് മൂന്നാം സ്ഥാനത്ത്. 96 മില്യൺ ഡോളറാണ് താരത്തിന്റെ സമ്പാദ്യം. നെയ്മറുടെ സഹതാരമായ കിലിയൻ എംബാപ്പെയാണ് നാലാം സ്ഥാനത്തുള്ളത്. 42 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. അഞ്ചാം സ്ഥാനത്തുള്ളത് ലിവർപൂൾ താരം മുഹമ്മദ് സലായാണ്. 37 മില്യൺ ഡോളറാണ് സലായുടെ സമ്പാദ്യം. പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന താരമാണ് സലാ.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോൾ പോഗ്ബയാണ് ആറാമത്. 34 മില്യൺ ഡോളർ പോഗ്ബ നേടിയെടുത്തു. ഏഴാമതെത്തിയത് ബാഴ്സ താരം ഗ്രീസ്‌മാനാണ്. 33 മില്യൺ ഡോളർ താരം സമ്പാദിച്ചു. എട്ടാമത് റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലാണ്. 29 മില്യൺ ഡോളറാണ് ബെയ്ൽ സമ്പാദിച്ചിരിക്കുന്നത്. 24 മില്യൺ സമ്പാദിക്കുന്ന റോബർട്ട്‌ ലെവന്റോസ്ക്കിയാണ് ഒമ്പതാം സ്ഥാനത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡെഗയയാണ് പത്താം സ്ഥാനത്ത്. 21 മില്യൺ ഡോളറാണ് താരം നേടിയത്.