ഇത്തവണ ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പറക്കുക ചരിത്രം തിരുത്തി, കൂട്ടിന് മറ്റൊരു ടീമും

Image 3
CricketTeam India

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ച്, ഒരേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പോകുന്നു. ഇംഗ്ലണ്ടിലേക്കാണ് ഇരുടീമുകളുടെയും കളിക്കാര്‍ ഒരുമിച്ച് യാത്ര ചെയ്യുക. വിരാട് കോഹ്ലിക്കു കീഴില്‍ പുരുഷ ടീം ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയുമാണ് കളിക്കുക.

മിതാലി രാജിനു കീഴില്‍ വനിതാ ടീമാവട്ടെ ഇംഗ്ലണ്ടുമായി മൂന്നു ഫോര്‍മാറ്റുകളിലും പരമ്പര കളിക്കും. ജൂണ്‍ രണ്ടിന് മുംബൈയില്‍ നിന്നാണ് ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഇരുടീമുകളും ഇംഗ്ലണ്ടിലേക്കു പറക്കുക.

മേയ് 19ന് ഒത്തുചേരാനാണ് ഞങ്ങളോടു ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്നു യാത്ര തിരിക്കുന്നതു വരെ ഞങ്ങള്‍ ക്വാറന്റീനിലായിരിക്കും. ജൂണ്‍ ആദ്യവാരം ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുകയും ചെയ്യുമെന്ന് വനിതാ ടീമിലെ ഒരു താരം വ്യക്തമാക്കി. ഇംഗ്ലണ്ടിലെത്തിയ ശേഷം ഇവിടെ ഒരാഴ്ച ടീം നിരീക്ഷത്തില്‍ കഴിയും. അതിനു ശേഷമായിരിക്കും പരിശീലനം ആരംഭിക്കുക.

പ്രധാനപ്പെട്ട ഇവന്റുകള്‍ക്കു മുന്നോടിയായുള്ള തയ്യാറെടുപ്പുകളില്‍ ബിസിസിഐ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. മുംബൈയിലെ ബയോ ബബ്ളിനൊപ്പം ചേരുന്നതിനു മുമ്പ് ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട എല്ലാവരുടെയും വീടുകളിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള ക്രമീകരണം ബിസിസിഐ ഒരുക്കിയിരുന്നു. താരങ്ങളുടെ മാത്രമല്ല അവരുടെ കുടുംബാംഗളുടെയും സാംപിളുകള്‍ ശേഖരിച്ചിരുന്നു.

കോവിഷീല്‍ഡ് വാക്സിനു പകരം കോവാക്സിനെടുക്കാനും താരങ്ങളോടു ബിസിസിഐ നിര്‍ദേശിച്ചിരുന്നു. യുകെയില്‍ ഇതിന്റെ ലഭ്യത കൂടുതലായതിനെ തുടര്‍ന്നാണിത്. കാരണം ആദ്യ ഡോസ് ഇന്ത്യയില്‍ നിന്നെടുത്ത ശേഷം കളിക്കാര്‍ രണ്ടാം ഡോസെടുക്കുന്നത് ഇംഗ്ലണ്ടില്‍ വച്ചായിരിക്കും. ഭൂരിഭാഗം കളിക്കാരും ഇതിനകം വാക്സിനെടുത്തു കഴിഞ്ഞു.