ഓറഞ്ചുനിരയിലെ മിസ്റ്റര്‍ പെര്‍ഫെക്ട്, അര്‍ജന്റീന പേടിക്കണം ഈ താരത്തെ

ദോഹ: അട്ടിമറികള്‍ക്ക് പേരുകേട്ട ഖത്തര്‍ലോകകപ്പ് വേദിയില്‍ ഒരുസൈഡിലൂടെ തോല്‍വിയറിയാതെ മുന്നേറുന്ന സംഘമാണ് നെതര്‍ലാന്‍ഡ്. ബ്രസീല്‍,അര്‍ജന്റീന,ഫ്രാന്‍സ്,സ്‌പെയിന്‍,പോര്‍ച്ചുഗല്‍ അടക്കമുള്ള വമ്പന്‍ ടീമുകള്‍ അട്ടിമറികള്‍നേരിട്ടാണ് നോക്കൗട്ടുറപ്പിച്ചതെങ്കില്‍ ഇതുവരെ ഓറഞ്ചുപട ആര്‍ക്കുമുന്നിലും കീഴടങ്ങിയിട്ടില്ല. ഈ ആത്മവിശ്വാസംതന്നെയാണ് അമേരിക്കക്കെതിരെ പ്രീക്വാര്‍ട്ടറില്‍ 3-1 വിജയത്തിലേക്ക് നയിച്ചതും.


ക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയെ നേരിടാനൊരുങ്ങുമ്പോള്‍ യൂറോപ്യന്‍ ക്ലബിന് ടെന്‍ഷനൊന്നുമില്ല. പ്രതിരോധവും മുന്നേറ്റനിരയുമെല്ലാം ഫോം കണ്ടെത്തിയതോടെ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. ഇതുവരെ രണ്ട് ഗോളുകള്‍ മാത്രമാണ് അറേബ്യന്‍മണ്ണില്‍ വഴങ്ങിയത്. അടിച്ചതാവട്ടെ ഏട്ടെണ്ണവും. സൈലന്റ് കില്ലര്‍മാരായി ഒരുപാട് പേരുള്ള ഓറഞ്ചുപടയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ ശ്രദ്ധേയമായത് വലതുവിംഗ് ബാക്ക് ഡെന്‍സല്‍ ഡംഫ്രീസിന്റെ പ്രകടനമാണ്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ കളംനിറയുന്ന കഠിനാദ്ധ്വാനി.

 

മുന്നേറ്റനിരക്ക് ബോക്‌സിനകത്തേക്ക് കില്ലിംഗ് പാസുകള്‍ നല്‍കാന്‍ മിടുക്കനായ ഡംഫ്രീസ് അസാമാന്യഡ്രിബ്ലിംഗ് പാടവും പുറത്തെടുക്കുന്നു. എതിരാളികളുടെ കൗണ്ടര്‍ അറ്റാക്കിന്റെ മുനയൊടിക്കാന്‍ കോച്ച് ലൂയിസ് വാന്‍ഗാള്‍ നിയോഗിക്കുന്നതും മറ്റാരെയുമല്ല. യു.എസ്.എക്കെതിരായ പ്രീക്വാര്‍ട്ടറില്‍ ഒരുഗോളും രണ്ട് അസിസ്റ്റുമായാണ് ഡംഫ്രീസ് കളിയിലെ താരമായത്. സ്‌ട്രൈക്കര്‍ മെംഫിസ് ഡീപ്പേ, മധ്യനിരയുടെ എഞ്ചിന്‍ ഫ്രാങ്കിഡിയോംഗ്, വാന്‍ഡെക് എന്നിവരുടെ പ്രകടനംകൂടിയായതോടെ അനായാസം ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ നെതര്‍ലാന്‍ഡിനെ സഹായിച്ചു.

മൂന്ന് സെന്റര്‍ ബാക്കുകള്‍ അടങ്ങുന്ന പ്രതിരോധ നിരയെ സെന്‍ട്രല്‍ മിഡ്ഫീല്‍ഡുമായും ആക്രമണനിരയുമായും ബന്ധിപ്പിക്കുന്ന ഇരട്ടറോളാണ് ഓറഞ്ച്‌നിരയില്‍ താരം കൈകാര്യം ചെയ്യുന്നത്. ടീം പന്ത് നഷ്ടപ്പെടുത്തുമ്പോഴാണ് ഡംഫ്രീസിന്റെ കരുത്തും വേഗതയും വിഷനും ഹോളണ്ടിന് കൂടുതലായി ആവശ്യം വരിക.

മുന്നോട്ടായാലും പിന്നോട്ടായാലും പൊസിഷന്‍ പാലിക്കുന്ന കാര്യത്തിലുള്ള ജാഗ്രതയാണ് മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ക്ലബ്ബ് തലത്തില്‍ ഇന്റര്‍ മിലാനു വേണ്ടിയാണ് കളിക്കുന്നത്. 2018 മുതല്‍ ദേശീയടീമില്‍കളിക്കുന്ന 26കാരന്‍ ഇതുവരെ 41 മത്സരങ്ങളില്‍ നിന്നായി ആറുഗോള്‍നേടിയിട്ടുണ്ട്. ഇന്റര്‍മിലാന് വേണ്ടി ഇതുവരെ 48 മത്സരത്തിലാണ് കളത്തിലിറങ്ങി ആറുഗോളും സ്വന്തമാക്കി. ക്വാര്‍ട്ടര്‍ഫൈനലില്‍ മെസിപടയെ നേരിടുമ്പോള്‍ നിര്‍ണായകറോള്‍ കോച്ച് വാന്‍ഗാള്‍ ഏല്‍പ്പിക്കുകയും ഈ യുവതാരത്തിനാകും.

You Might Also Like