ഭാഗ്യം കേട്ട മഹാരഥന്മാർ; ഒരിക്കൽ പോലും കപ്പടിക്കാത്ത 11 ഇതിഹാസ താരങ്ങൾ അടങ്ങിയ ടീം

ചിലിയുമായി നേരിട്ട സമനിലയോടെ 2021 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് മെസ്സിയും സംഘവും തുടക്കം കുറിച്ചിരിക്കുകയാണ്. 2015ലും 2016ലും ചിലി കൈകളിൽ നിന്നും തട്ടിയെടുത്ത കപ്പിന് പ്രതികാരം ചെയ്യാനുറച്ചെത്തിയ മെസ്സി കളംനിറഞ്ഞു കളിച്ചു. എന്നാൽ, മെസ്സിയുടെ തകർപ്പൻ ഫ്രീകിക്കിനും ടീമിനെ രക്ഷിക്കാനായില്ല. കിട്ടിയ അവസരങ്ങൾ അർജന്റീന തുലച്ചപ്പോൾ സെക്കൻഡ് ഹാഫിലെ ഗോളോടെ ചിലി സമനില പിടിച്ചു.

2015ലും 2016ലും തുടർച്ചയായി ഫൈനലുകൾ കളിച്ചിട്ടും ചിലിക്ക് മുൻപിൽ പരാജയപ്പെട്ടത് മെസ്സിയെ വല്ലാതെ ഉലച്ചിരുന്നു. 2016ലെ പരാജയത്തിന് ശേഷം അന്താരാഷ്ട്ര കരിയർ തന്നെ അവസാനിപ്പിക്കുന്നതായി  താരം പ്രഖ്യാപിച്ചു.

വ്യക്തിപരമായും, ബാഴ്സലോണക്കായും ഇനി ഒന്നുംതന്നെ നേടാൻ ബാക്കിയില്ലാത്ത മെസ്സി, എന്നാൽ രാജ്യത്തിനായി പ്രധാനപ്പെട്ട ഒരു കപ്പ് പോലും നേടിയിട്ടില്ല. എന്നാൽ, ഇപ്പോൾ നടക്കുന്ന കോപ്പയിലോ, വരുന്ന ഖത്തർ ലോകകപ്പിലോ ഫുട്ബോളിന്റെ മിശിഹാക്ക് ഇത് തിരുത്താവുന്നതേ ഉള്ളൂ.

അങ്ങനെ നടന്നില്ലെങ്കിൽ പിന്നെ മെസ്സിയുടെ സ്ഥാനം രാജ്യാന്തര ഫുട്ബാളിന്റെ ചരിത്രത്തിൽ എവിടെയാണെന്ന് നോക്കാം. മെസ്സിയെ പോലെ ക്ലബ് ഫുട്ബോളിൽ നിറഞ്ഞുകളിക്കുമ്പോഴും രാജ്യത്തിനായി കാര്യമായ നേട്ടങ്ങൾ സ്വന്തമായിലാത്ത ഒരുപിടി ഇതിഹാസ താരങ്ങളുണ്ട്. യഥാർത്ഥത്തിൽ അവരെ മാത്രം നിരത്തി ചരിത്രത്തിൽ നിന്നും മികച്ച ഒരു ടീമിനെ തന്നെ തിരഞ്ഞെടുക്കാനാവും. ആരൊക്കെയാണ് ആ 11 ഇതിഹാസ താരങ്ങൾ എന്ന് നോക്കാം.

ഗോൾ കീപ്പർ : പീറ്റർ ഷിൽട്ടൻ 

ഇംഗ്ലണ്ടിന്റെ പീറ്റർ ഷിൽട്ടൻ ഇതിഹാസ തുല്യമായ ഫുട്ബോൾ ജീവിതത്തിന് ഉടമയാണെങ്കിലും രാജ്യത്തിനായി ഒരു കപ്പുയർത്താൻ ഭാഗ്യമില്ലാതെ പോയി. ഈ നിരയിൽ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്ന ഗോൾകീപ്പർ ഒളിവർ  ഖാൻ ആണെങ്കിലും 1996 യൂറോകപ്പ് ജർമനി ഉയർത്തുമ്പോൾ ഒലിവർഖാൻ ടീമിലുണ്ടായിരുന്നു. ഒരു മിനിറ്റുപോലും ഗ്രൗണ്ടിൽ ഇറങ്ങാനായില്ലെന്നു മാത്രം.

വലതു വിങ് ബാക്ക് : ഹാവിയർ സനേറ്റി (അർജന്റീന)

1993 ന് ശേഷം അർജന്റീന ഒരു പ്രധാന ടൂർണമെന്റും നേടിയിട്ടില്ല. അതിനാൽ തന്നെ 94ൽ അരങ്ങേറിയ, രാജ്യത്തിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സനേറ്റി കപ്പുയർത്തിയിട്ടില്ലെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ?

സെന്റർ ബാക്ക് : ജാപ് സ്റ്റാം (ഹോളണ്ട്)

1988ന് ശേഷം ഹോളണ്ടും പ്രധാന ടൂർണമെന്റുകൾ വിജയിട്ടില്ല. ക്ലബ് തലത്തിൽ മികച്ച റെക്കോർഡുള്ള സ്റ്റാമിനും അന്താരാഷ്ട്ര തലത്തിൽ പറയാൻ നേട്ടങ്ങളൊന്നും തന്നെയില്ല.

സെന്റർ ബാക്ക്: പോളോ മാൾഡീനി (ഇറ്റലി)

മെസ്സിയെ പോലെ ചരിത്രത്തിലെ ഏറ്റവും ഭാഗ്യം കേട്ട കളിക്കാരിൽ ഒരാളായി അറിയപ്പെട്ട ഹതഭാഗ്യൻ. ലോകകപ്പ് ഫൈനലിൽ ഇറ്റലി പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതും, യൂറോ ഫൈനലിൽ ‘ഗോൾഡൻ ഗോളിൽ’ പരാജയപ്പെട്ടതും മാൾഡീനിയെ ചരിത്രത്തിലെ ഏറ്റവും ഹതഭാഗ്യനായ ഫുട്ബോളറാക്കി.

ഇടതു വിങ്‌ബാക്ക്: ആഷ്‌ലി കോൾ (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ ‘സുവർണ്ണ തലമുറയിൽ’ ഉൾപ്പെട്ട താരം. കരിയറിന്റെ ഉച്ഛസ്ഥായിൽ ലോകത്തിലെ ഏറ്റവും മികച്ച ഇടതു വിങ് ബാക്ക് എന്ന് അറിയപ്പെട്ടിരുന്നു.

മിഡ്‌ഫീൽഡർമാർ 

ഫുട്ബോളിനെ മാറ്റിമറിച്ച ഏതാനും താരങ്ങളെ ഈ ലിസ്റ്റിൽ കാണാം. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളായിരിക്കുമ്പോഴും രാജ്യത്തിനായി നേട്ടങ്ങൾ ഇല്ലാതെപോയ ഹതഭാഗ്യർ.

ലയണൽ മെസ്സി 

ഫുട്ബോളിന്റെ മിശിഹായ്ക്ക് കൊപ്പഅമേരിക്കയിലോ, വരുന്ന ലോകകപ്പിലോ ഈ ലിസ്റ്റിൽ നിന്നും പുറത്തുകടക്കാനാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടരാം.

ജൊഹാൻ ക്രൈഫ്  (ഹോളണ്ട്)

ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി പല ഫുട്ബോൾ വിദഗ്‌ധരും കണക്കാക്കുന്ന താരം. ഫുട്ബോൾ ശൈലിയെ മാറ്റിമറിച്ച തന്ത്രജ്ഞൻ. മികച്ച നേതൃപാടവം കൂടിയുള്ള ക്രൈഫിന് എന്നാൽ 1974 ലോകകപ്പിൽ ഹോളണ്ടിനെ ഫൈനലിൽ എത്തിക്കാനേ കഴിഞ്ഞുള്ളു.

റോബർട്ടോ ബാജിയോ (ഇറ്റലി)

1994 ലോകകപ്പിന്റെ കണ്ണീരാണ് ബാജിയോ. ഫൈനലിൽ ബാജിയോയുടെ പെനാൽറ്റി കിക്ക് ആകാശത്തേക്ക് പറന്നപ്പോൾ ബ്രസീൽ കപ്പുയർത്തി. അന്നുമുതൽ ഇറ്റലിയുടെ ദുരന്തനായകൻ.

ജോർജ് ബെസ്ററ് (ഉത്തര അയർലണ്ട്)

ലോകകപ്പിൽ കളിക്കാൻ പോലും കഴിയാതെ പോയ ഇതിഹാസ താരം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ.

സ്‌ട്രൈക്കർമാർ 

യൂസേബിയോ (പോർച്ചുഗൽ)

1996 ലോകകപ്പിൽ ഗോൾഡൻ ബൂട്ടോടെ പറങ്കിപ്പടയെ സെമിയിലെത്തിച്ച കപ്പിത്താന് എന്നാൽ അവിടുന്നങ്ങോട്ട് ടീമിനെ കൊണ്ടുപോവാനായില്ല.

ഫ്രാൻക്‌ പുഷ്‌കാസ് (ഹംഗറി)

1954 ലോകകപ്പിൽ രണ്ടുഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം അവിശ്വസനീയമായി ഹംഗറി തോറ്റുപോയത് പുഷ്‌കാസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അവശേഷിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനോട് ഫുട്ബോൾ കാണിച്ച അനീതി.

You Might Also Like