ഐപിഎല്ലില്‍ നിന്നും പുറത്താകല്‍, പ്രതികരണവുമായി ഫിഞ്ച്
സിഡ്നി: ഐപിഎല്‍ താര ലേലത്തില്‍ ആരും ടീമിലെടുക്കാത്തതില്‍ നിരാശപ്രകടിപ്പിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. ഐപിഎല്ലില്‍ തനിക്കായി ഫ്രാഞ്ചൈസികള്‍ എത്തിയേക്കില്ല എന്നത് പ്രതീക്ഷിച്ചിരുന്നതായും ഐപിഎല്‍ വീണ്ടും കളിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ അത് നന്നായേനെയെന്നും ഫിഞ്ച് കൂട്ടിചേര്‍ത്തു.
ഭാഗമാവാന്‍ ആഗ്രഹിക്കുന്ന വിസ്മയിപ്പിക്കുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ക്രിക്കറ്റില്‍ തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം. എന്നാല്‍ കുടുംബത്തിനൊപ്പം കുറച്ചു കൂടി സമയം പങ്കിടാന്‍ വേണം. കഴിഞ്ഞ ഓഗസ്റ്റില്‍ യുകെയിലേക്ക് എത്തിയത് മുതല്‍ ഷെഡ്യൂള്‍ കടുപ്പമാണ്. അതിനൊപ്പം ക്വാറന്റൈനും, ബയോ ബബിളും. കുടുംബത്തിനൊപ്പം കുറച്ച് സമയം ചിലവഴിച്ച് ബാറ്ററി വീണ്ടും ചാര്‍ജ് ചെയ്ത് എത്താനാവും ഈ സമയം ഉപയോഗിക്കുക, ഫിഞ്ച് പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ആരോണ്‍ ഫിഞ്ചാണ് ഓസ്ട്രേലിയയെ നയിക്കുക. ഫെബ്രുവരി 22നാണ് പരമ്പരയിലെ ആദ്യ മത്സരം. ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ഒരുക്കങ്ങളുടെ ഭാഗവുമാണ് പരമ്പര. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്ന ഫിഞ്ചിനെ താര ലേലത്തില്‍ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികളാരും മുന്‍പോട്ട് വന്നിരുന്നില്ല.
4.4 കോടി രൂപയ്ക്കാണ് ഫിഞ്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് നേടാനായത് 268 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 22.33.