ഐഎസ്എല്ലില്‍ നിര്‍ണായക മാറ്റം, കാരണം കോവിഡ് മഹാമാരി

ഐഎസ്എല്‍ ഏഴാം സീസണില്‍ സബ്സ്റ്റിറ്റിയൂട്ടുകളുടെ എണ്ണം അഞ്ചാക്കാന്‍ നീക്കം നടക്കുന്നു. ഇക്കാര്യം നിയമമായാക്കാന്‍ ഐഎസ്എല്‍ സംഘാടകര്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചിരിക്കുകയാണെന്നാണ് പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോവിഡ് 19 മഹമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്യന്‍ ലീഗുകളെല്ലാം പുനരാരംഭിച്ചപ്പോള്‍ സബ്സ്റ്റിറ്റിയൂട്ടുകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. ഇതാണ് ഐഎസ്എല്ലും പിന്‍തുടരുന്നത്. കോവിഡിനെ തുടര്‍ന്ന് വേണ്ടി വന്ന ഇടവേളക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ കളിക്കാര്‍ക്ക് മേലുള്ള സമ്മര്‍ദം കുറക്കാനും, 2019-2020 സീസണ്‍ പൂര്‍ത്തിയാക്കാനും വേണ്ടിയാണ് അഞ്ച് സബ്സ്റ്റിറ്റിയൂട്ട് എന്ന നിയമം കൊണ്ടുവന്നത്.

കഴിഞ്ഞ ദിവസം ഫിഫയും പകരക്കാരുടെ എണ്ണം അഞ്ചാക്കി ഉയര്‍ത്തിയിരുന്നു. 2020-21 സീസണ്‍ വരെ സബ്സ്റ്റിറ്റിയൂട്ട് അഞ്ച് പേരുണ്ടാകുമെന്നും ഫിഫ വ്യക്തമാക്കിയിരുന്നു. ഇതോടെ 2021 ജൂലൈ 31 വരെ ടീമുകള്‍ക്ക് അഞ്ച് വട്ടം പകരക്കാരെ ഇറക്കാം. രാജ്യാന്തര ഫുട്ബോള്‍ മത്സരങ്ങളില്‍ 2021 ജൂലൈ/ഓഗസ്റ്റ് വരെയും ഈ നിയമം തുടരും.

കോവിഡ് ഫുട്ബോളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വിലയിരുത്തിയതിന് ശേഷമാവും നിയമം പിന്‍വലിക്കുന്നതില്‍ ഫിഫ ഇനി തീരുമാനമെടുക്കുക.

2019-2020 സീസണ്‍ വൈകി തീരുന്നതോടെ 2020-2021 സീസണിലെ മത്സരങ്ങള്‍ അടുപ്പിച്ച് വരാന്‍ ഇടയുണ്ട്. ഈ സാഹചര്യം കൂടി മുന്‍പില്‍ കണ്ടാണ് 5 സബ്സ്റ്റിറ്റിയൂട്ട് എന്ന നിയമവുമായി ഫിഫ മുന്‍പോട്ട് പോവുന്നത്.

You Might Also Like