ഇന്ത്യയ്‌ക്കെതിരെ കളിയ്ക്കാന്‍ വിസമ്മതിച്ച് അഞ്ച് സൂപ്പര്‍ താരങ്ങള്‍, പുതിയ തലവേദന

ശ്രീലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ യുവടീമിനെതിരായ ഏകദിന-ടി20 മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ച് അഞ്ച് ശ്രീലങ്കന്‍ താരങ്ങള്‍. മത്സരങ്ങള്‍ക്കായുളള കരാറില്‍ ഒപ്പുവെക്കാനാണ് ലങ്കന്‍ താരങ്ങള്‍ വിസമ്മതിച്ചിരിക്കുന്നത്.
ലങ്കന്‍ താരങ്ങളായ വിശ്വ ഫെര്‍ണാണ്ടോ, ലസിത് എംബുല്‍ഡേനിയ, ലഹിരു കുമാര, അശെന്‍ ബണ്ടാര, കാസുന്‍ രജിത എന്നീ താരങ്ങളാണ് കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് താരങ്ങള്‍ കരാറില്‍ ഒപ്പുവെക്കാതിരിക്കുന്നത്.
കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് താരങ്ങളെ ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ക്യാമ്പില്‍ നിന്ന് പുറത്താക്കി. കരാറില്‍ ഒപ്പ് വെക്കാന്‍ വിസമ്മതിച്ച താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെട്ടിരുന്നവരല്ല. എന്നാല്‍ ദേശീയ കരാറില്‍ ഉള്‍പ്പെട്ട താരങ്ങളാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്.
ദേശീയ കരാര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ടൂര്‍ കരാര്‍ എന്ന ആശയം ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ടുവച്ചത്. കരാറില്‍ ഒപ്പുവെക്കാന്‍ താരങ്ങള്‍ അംഗീകരിച്ചെങ്കില്‍ ഇവരെ വീണ്ടും ക്യാമ്പില്‍ ഉള്‍പ്പെടുത്തും.
ഈ മാസം 13 മുതലാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുക. ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് വീതം ഏകദിന,ടി20 പരമ്പരയാണ് പര്യടനത്തിലുളളത്. മലയാളി താരങ്ങളായ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.