ദക്ഷിണാഫ്രിക്കന്‍ ടീമില്‍ പ്രമുഖരുടെ കൊഴിഞ്ഞ് പോക്ക്, സൂപ്പര്‍ താരങ്ങള്‍ കളിക്കില്ല, പ്രതിഷേധം പുകയുന്നു

Image 3
CricketCricket News

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇറങ്ങുക പ്രമുഖ താരങ്ങളില്ലാതെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി താരങ്ങളെ വിട്ടുനല്‍കേണ്ടി വരുന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാകുന്നത്.

നിലവില്‍ പരമ്പരയില്‍ ഇരുടീമുകളും 1-1ന് സമനിലയിലാണ്. അവസാന മത്സരം ആണ് പരമ്പര വിജയികളെ തീരുമാനിക്കുന്നത്.

ക്വിന്റണ്‍ ഡി കോക്ക്, ഡേവിഡ് മില്ലര്‍ , കാഗിസോ റബാഡ, ലുംഗിസാനി ഗിഡി, ആന്റിച്ച് നോര്‍ക്കിയ എന്നിവരാണ് പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുക.

അതെസമയം ദേശീയ ടീമിനായുളള മത്സരത്തില്‍ നിന്ന് ഒഴിവാക്കി പ്രമുഖ താരങ്ങളെ ഐപിഎല്ലിനായി വിട്ടുനല്‍കാനുളള ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ തീരുമാനത്തിനെതിരെ അവരുടെ നാട്ടില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നാണ് ബഹുഭൂരിപക്ഷം ക്രിക്കറ്റ് ആരാധകരും പറയുന്നത്.

എന്നാല്‍ ബിസിസിഐയുമായുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പ്രകാരം ഐപിഎല്‍ താരങ്ങളെ വിട്ട് നല്‍കുവാന്‍ ബോര്‍ഡും ബാധ്യസ്ഥരാണെന്ന് അധികൃതര്‍ നല്‍കുന്ന വിശദീകരണം.