ബ്ലാസ്റ്റേഴ്‌സ് അഴിച്ചു പണിയുന്നു, രണ്ടു ദിവസം കൊണ്ടു ക്ലബ് വിട്ടത് അഞ്ചു താരങ്ങൾ

Image 3
ISL

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കായി വലിയ രീതിയിലുള്ള അഴിച്ചു പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പുതിയ പരിശീലകൻ എത്തിയതിനാൽ അദ്ദേഹത്തിന്റെ ശൈലിക്ക് അനുയോജ്യരായ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്. നിലവിൽ കരാർ അവസാനിച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ഇത്തരത്തിൽ അഞ്ചു താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടുവെന്ന പ്രഖ്യാപനവും അവർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. ഇതിൽ മൂന്നും വിദേശതാരങ്ങളാണ്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് ദിമിത്രിയോസ് ഡയമെന്റക്കൊസ്, പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ച് എന്നിവർക്കൊപ്പം ജാപ്പനീസ് താരമായ ഡൈസുകെയും ക്ലബിനോട് വിട പറഞ്ഞിട്ടുണ്ട്.

ഇതിനു പുറമെ ഇന്ത്യൻ താരങ്ങളായ രണ്ടു ഗോൾകീപ്പർമാരും ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടുണ്ട്, വെറ്ററൻ താരമായ കരൺജിത് സിങ്, കഴിഞ്ഞ സീസണിൽ ലോണിൽ ടീമിലെത്തിയ ലാറ ശർമ്മ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പോകുന്നത്. ലാറ ശർമ്മ സ്വന്തം ക്ലബായ ബെംഗളൂരു എഫ്‌സിയിലേക്ക് തന്നെയാണ് തിരിച്ചു പോയിരിക്കുന്നത്.

ഇതിനു പുറമെ ഇവാൻ വുകോമനോവിച്ചിന്റെ സഹപരിശീലകൻ ആയിരുന്ന ഫ്രാങ്ക് ദോവനും ക്ലബ് വിടുകയാണെന്ന് ഉറപ്പായിട്ടുണ്ട്. ഇവാൻ വുകോമനോവിച്ചിന് വിലക്ക് ലഭിച്ച സമയത്ത് ബ്ലാസ്‌റ്റേഴ്‌സിനെ നയിച്ചത് ഫ്രാങ്ക് ദോവനായിരുന്നു. ഇനി ഏതൊക്കെ താരങ്ങളാണ് ടീമിൽ നിന്നും പുറത്തു പോവുകയെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.