ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടത് ഈ 5 പടക്കുതിരകള്‍, കൊടുങ്കാറ്റാകും ഈ ടീം

Image 3
FootballISL

നിറയെ സ്വപ്നങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ആറാം സീസണ്‍ കളിയ്ക്കാന്‍ ഇറങ്ങിയത്. മികച്ച താരങ്ങളും ഷറ്റോരിയെ പോലൊരു കോച്ചുമായി ഐഎസ്എല്‍ കിരീടത്തിനായി ഇറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് പക്ഷെ അവിശ്വസനീയമായ രീതിയില്‍ കാലിടറി വീഴാനായിരുന്നു വിധി. പരിക്കും വിവാദങ്ങളും പിന്തുടര്‍ന്ന ടീം ഒടുവില്‍ ഏഴാമതായാണ് സീസണ്‍ അവസാനിച്ചത്.

ഇതോടെ പരിശീലകനും പലകളിക്കാര്‍ക്കും സ്ഥാനം നഷ്ടപ്പെട്ടു. അടുത്ത സീസണിനായി സ്‌പെയിനില്‍ നിന്ന് കിബു വികൂനയേയും പരിശീലകനായി ബ്ലാസ്റ്റേഴ്‌സ് കൊണ്ടു വന്നു.

ഇതോടെ പ്രധാനമായും ബ്ലാസ്റ്റേഴസിന്റെ അഞ്ച് പൊസിഷനുകളില്‍ മെച്ചപ്പെടുത്തല്‍ അത്യാവശ്യമാണെന്നാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. ആ പൊസിഷനുകള്‍ ഏതെന്നും ഏറ്റവും യോജിച്ച കളിക്കാര്‍ ആരെന്നും വിലയിരുത്തുകയാണ് ഇവിടെ.

ഗോള്‍കീപ്പര്‍ (വിശാല്‍ കേത്ത് )

ചെന്നൈയുടെ വല കാക്കുന്ന 23കാരനാണ് വിശാല്‍ കേത്ത്. താരം ഈ സീസണില്‍ ചെന്നൈയ്ക്കായി 17 മത്സരങ്ങള്‍ കളിച്ച കേത്ത്. മുവന്‍ സമയവും അവര്‍ക്ക് വേണ്ടി വലകാത്തു. നാല് ക്ലീന്‍ ഷീറ്റുകളാണ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ രഹനേഷ് ടീം വിടുമെന്ന വാര്‍ത്ത നിലനില്‍ക്കെ അടുത്ത സാധ്യത ബിലാല്‍ ഖാനാണ്. എങ്കിലും വിശാലിന്റെ സേവനം അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ലഭ്യമായാല്‍ അത് വലിയ ഒരു മുതല്‍ക്കൂട്ടാകും.

റൈറ്റ് ബാക്ക് (നിഷു കുമാര്‍ )

ബംഗളുരുവിന്റെ പ്രതിരോധത്തിലെ ഒരു പ്രധാന ഘടകമായ ഈ താരം പല നിര്‍ണായക ഘട്ടങ്ങളിലും ടീമിന്റെ തുണയായി മാറി. റാക്കിപ്പിന് പകരമായി നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഒരുപക്ഷേ ഇദ്ദേഹത്തെ ലഭിച്ചാല്‍ തങ്ങളുടെ പ്രതിരോധം ഒന്നുകൂടി ശക്തമാക്കാന്‍ സാധിച്ചേക്കും. ഈ സീസണില്‍ ഇതുവരെ 17 മത്സരങ്ങള്‍ കളിച്ച താരം 16 മത്സരങ്ങളില്‍ ഫസ്റ്റ് ഇലവനില്‍ തന്നെ കളത്തിലിറങ്ങി. ബെംഗളുരുവിനായി ഒരു ഗോളും അദ്ദേഹം നേടി.

സെന്റര്‍ ബാക്ക് (തിരി )

28കാരനായ ഈ സ്പാനിഷ് താരം ഐ എസ് എല്ലിലെ മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളാണ്. 2016 ല്‍ ഐ എസ് എല്‍ കിരീടം നേടിയ എ ടി കെ ടീമിലെ അംഗമായിരുന്നു അദ്ദേഹം. പിന്നീട് 2017ലാണ് ജാംഷെഡ്പൂര്‍ എഫ് സി യില്‍ എത്തിയത്. പ്രതിരോധ നിരയെ മികച്ച രീതിയില്‍ നയിക്കാന്‍ കഴിവുള്ള താരമാണ് എന്നിരിക്കെ തിരി ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചാല്‍ അത് വന്‍ നേട്ടമുണ്ടായേക്കും.

റൈറ്റ് വിങ് (ഡീഗോ കാര്‍ലോസ് )

റഷ്യന്‍ ഒന്നാംനിര ലീഗുകളില്‍ കളിച്ച അനുഭവ സമ്പത്തുള്ള ഈ ബ്രസീലിയന്‍ താരം 2017ല്‍ പൂനെ സിറ്റി എഫ് സിയിലൂടെയാണ് ഐ എസ് എല്‍ രംഗ പ്രവേശനം നടത്തിയത്. നിലവില്‍ മുംബൈ സിറ്റിയുടെ താരമായ അദ്ധേഹം 16 മത്സരങ്ങളില്‍ നിന്നായി 2 ഗോളും 2 അസിസ്റ്റും നേടിയിട്ടുണ്ട്. നിലവില്‍ റൈറ്റ് വിങ്ങില്‍ അദ്ധേഹം വന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് അത് വലിയ ഗുണം ചെയ്യും.

ലെഫ്റ്റ് വിങ് (റെഡീം തലാങ് )

ഇരു വിങ്ങിലും ഒരുപോലെ കളിക്കാന്‍ കഴിവുള്ള താരമാണ് ഈ മേഘാലയന്‍ സ്വദേശി. മുമ്പ് എല്‍കോ ഷാറ്റോറിക്ക് കീഴില്‍ നോര്‍ത്ത് ഈസ്റ്റില്‍ കളിച്ചിട്ടുണ്ട് റെഡീം അന്ന് ഈ ഡച്ച് പരിശീലകന്റെ പ്രധാന തുറുപ്പ് ചീട്ടുകളില്‍ ഒന്നായിരുന്നു അദ്ദേഹം. ഈ സീസണില്‍ ഇതുവരെ 15 മത്സരങ്ങള്‍ കളിച്ച താരം 13 മത്സരങ്ങളില്‍ ഫസ്റ്റ് ഇലവനില്‍ ഇറങ്ങുകയും നോര്‍ത്ത് ഈസ്റ്റിന് വേണ്ടി 3 ഗോള്‍ നേടുകയും ചെയ്തു.