ആരും കൈവിടാനൊരുക്കമല്ല, അഗ്വേറോക്കു പിന്നാലെ അഞ്ചു യൂറോപ്യൻ വമ്പന്മാർ

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഈ സീസൺ അവസാനം ക്ലബ്ബ് വിട്ടു പോവുന്ന ഇതിഹാസസമാനനായ അർജന്റീനിയൻ സൂപ്പർതാരമാണ് സെർജിയോ അഗ്വേറോ. സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണ് സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. താരത്തിനു ആദരവോടെ സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിനു മുന്നിൽ ഡേവിഡ് സിൽവയുടെയും വിൻസെന്റ് കോമ്പനിയുടെയും പ്രതിമൾക്കൊപ്പം അഗ്വേറോയുടെയും പ്രതിമ നിർമ്മിക്കുമെന്നും സിറ്റി ചെയർമാൻ അറിയിച്ചിരുന്നു.

ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം സീസൺ അവസാനം സിറ്റി വിടാനിരിക്കുന്ന അഗ്വേറോക്കു പിന്നാലെ അഞ്ചു വമ്പൻ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. അതിൽ സിറ്റിയുടെ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രീമിയർലീഗിൽ തന്നെ തുടരാനുള്ള അവസരമാണ് അഗ്വേറോക്ക് മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്.

ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ്മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയും അഗ്വേറോയിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ്. അനുഭവസമ്പത്തുള്ള ഒരു സ്‌ട്രൈക്കറുടെ അഭാവം കണക്കിലെടുത്താണ് ചെൽസിയുടെ പുതിയ നീക്കം. പ്രീമിയർലീഗിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ആഗ്വേറോക്ക് ഓഫറുകൾക്ക് പഞ്ഞമില്ലെന്നു തന്നെയാണ് വസ്തുത.

ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർകാറ്റോ തന്നെ അഗ്വേറോയിൽ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയും ഇറ്റാലിയൻ വമ്പന്മാരായ ഇന്റർമിലാനും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇഞ്ചുറികൾ നിറഞ്ഞ സീസണിൽ അഗ്വേറോക്കു വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. ഇക്കാരണങ്ങൾ മുന്നിൽ കണ്ടാണ് സിറ്റി അഗ്വേറോയെ വിട്ടുകൊടുക്കാൻ നിർബന്ധിതമായിരിക്കുന്നത്. എന്നിരുന്നാലും അനുഭവസമ്പന്നനായ ഒരു സ്‌ട്രൈക്കറെ ഫ്രീ ട്രാൻസ്ഫറിൽ കിട്ടുമെന്നതാണ് പല വമ്പന്മാരെയും താരത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്.

You Might Also Like