ബാഴ്സയും യുവന്റസുമുൾപ്പെടെ പൊചെട്ടിനോയെ ലക്ഷ്യം വെച്ച് അഞ്ചു ക്ലബുകൾ

Image 3
EPLFeaturedFootball

കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പല ക്ലബുകളെയും വലിയ രീതിയിൽ തന്നെ ബാധിച്ചിട്ടുള്ളതു കൊണ്ട് ഇത്തവണ വമ്പൻ ട്രാൻസ്ഫറുകൾ മിക്കവർക്കും അപ്രാപ്യമാണ്. എന്നാൽ അതിനിടയിൽ മുൻ ടോട്ടനം പരിശീലകൻ പൊചെട്ടിനോയെ റാഞ്ചാൻ നിരവധി പേരാണ് രംഗത്തുള്ളത്. ഏതാണ്ട് അഞ്ചോളം ക്ലബുകളാണ് അർജൻറീനിയൻ പരിശീലകന്റെ സേവനത്തിനു വേണ്ടി ഓഫറുകളുമായി മുന്നിലുള്ളത്.

കഴിഞ്ഞ സീസണിൽ ടോട്ടനം ഹോസ്പറിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച പൊചെട്ടിനോടെ അപ്രതീക്ഷിതമായാണ് ഇംഗ്ലീഷ് ക്ലബ് പുറത്താക്കുന്നത്. ടീമിന്റെ പ്രകടനം മോശമായതായിരുന്നു അതിനു കാരണം. എന്നാൽ സ്പർസിനു വേണ്ടി അർജന്റീനിയൻ പരിശീലകൻ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് എല്ലാവർക്കും വ്യക്തമാണെന്നതു കൊണ്ടാണ് അദ്ദേഹത്തിനു വേണ്ടി ഇത്രയും ക്ലബുകൾ ശ്രമം നടത്തുന്നത്.

ബാഴ്സലോണയാണ് പൊചെട്ടിനോക്കു വേണ്ടി ആദ്യം ശ്രമം നടത്തിയത്. എന്നാൽ ബാഴ്സയുടെ ചിരവൈരികളായ എസ്പാന്യോൾ താരവും പരിശീലകനുമായിരുന്ന അദ്ദേഹം അതു പൂർണമായും നിരസിക്കുകയായിരുന്നു. അതിനു പുറമേ സൗദി സുൽത്താന്റെ ഏറ്റെടുക്കൽ പൂർണമാകുന്നതോടെ വൻ ശക്തികളായി മാറാനൊരുക്കുന്ന ന്യൂകാസിൽ യുണൈറ്റഡ് വമ്പൻ ഓഫർ അർജൻറീനിയൻ പരിശീലകനു നൽകിയിരുന്നു.

ഫ്രഞ്ച് ക്ലബായ മൊണാക്കോയും പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയുമാണ് പൊചെട്ടിനോക്കു വേണ്ടി ശ്രമം നടത്തിയ മറ്റു ക്ലബുകൾ. എന്നാൽ രണ്ടു ക്ലബുകളുടെയും പ്രൊജക്ടിൽ പൊചെട്ടിനോക്കു താൽപര്യമില്ലായിരുന്നു. യുവന്റസുമായി ബന്ധപ്പെട്ടാണ് പൊചെട്ടിനോയുടെ പേര് ഉയർന്നു കേൾക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ നിന്നും യുവന്റസ് പുറത്തായാൽ സാറിക്കു പകരക്കാരനായി പൊചെട്ടിനോ എത്തിയേക്കും.