ഇന്ത്യ തോറ്റിട്ടും സഞ്ജുവിന് സല്യൂട്ടടിച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍, അവരെ അത്രയേറെ അയാള്‍ ഭയപ്പെടുത്തിയിരിക്കുന്നു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെ അഭിനന്ദനം കൊണ്ട് മൂടുകയാണല്ലോ ക്രിക്കറ്റ് ലോകം. മുന്‍ താരങ്ങളുള്‍പ്പെടെ സഞ്ജു സാംസണിനെ പ്രശംസിച്ച് രംഗത്തെത്തി.

മത്സരശേഷം സഞ്ജുവിനെ പരസ്യമായി അഭിനന്ദിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മറന്നില്ല. അവസാന ഓവറില്‍ സഞ്ജു അടിച്ചുപരത്തിയ തബ്രീസ് ഷംസി തന്നെയാണ് സഞ്ജുവിനെ അഭിനന്ദനം കൊണ്ട് മൂടാന്‍ ആദ്യം രംഗത്തെത്തിയത്. സഞ്ജുവിനെ പുറത്തും മുഖത്തും തലോടിയാണ് ഷംസി മലയാളി താരത്തിന്റെ പ്രതിഭയെ അംഗീകരിച്ചത്. മറ്റ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഷംസിയ്ക്ക് പിന്നാലെ സഞ്ജുവിനെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു.

‘രണ്ടു പന്തുകള്‍ എനിക്കു കൃത്യമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ല. അടുത്ത തവണ അതു മെച്ചപ്പെടുത്താന്‍ ശ്രമിക്കും. കളിയില്‍ എന്റെ പങ്കില്‍ ഞാന്‍ സംതൃപ്തനാണ്. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ മികച്ച പ്രകടനം തന്നെ നടത്തി. തബ്രിസ് ഷംസി നല്ല പോലെ റണ്‍ വഴങ്ങിയതോടെ അദ്ദേഹത്തെയാണു ഞങ്ങള്‍ ലക്ഷ്യംവച്ചത്. ടീമില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും പ്രശ്‌നങ്ങളുണ്ട്. അതു പരിഹരിക്കാനാണു ശ്രമിക്കുന്നത്’ മത്സര ശേഷം കളിയെ കുറിച്ച് സഞ്ജു പറഞ്ഞത് ഇപ്രകാരമാണ്.

ക്യാപ്റ്റന്‍ ധവാനടക്കം പിടിച്ചു നില്‍ക്കാനാകാതെ മുന്‍ നിര തകര്‍ന്നപ്പോള്‍ സഞ്ജുവില്‍ നിന്നും ഇത്തരമൊരു പോരാട്ടം ആരും പ്രതീക്ഷിച്ചിരിക്കില്ല. ആറാം ബാറ്ററായി കളിക്കാനിറങ്ങിയ സഞ്ജുവിന് കളത്തില്‍ തുടക്കത്തില്‍ കാര്യമായ റോളുണ്ടായിരുന്നില്ല. ശ്രേയസ് അയ്യര്‍ ഒരു ഭാഗത്തു സ്‌കോര്‍ കണ്ടെത്തിയപ്പോള്‍ പിന്തുണ നല്‍കി നില്‍ക്കുകയായിരുന്നു സഞ്ജു.

37 പന്തുകള്‍ നേരിട്ട അയ്യര്‍ 50 റണ്‍സെടുത്തു പുറത്തായി. പിന്നാലെ വന്ന ഓള്‍റൗണ്ടര്‍ ഷാര്‍ദൂല്‍ താക്കൂറും റണ്‍സ് ഉയര്‍ത്തിയതോടെ ഇന്ത്യ വിജയം സ്വപ്നം കണ്ടു തുടങ്ങിയിരുന്നു. ആറാം വിക്കറ്റില്‍ താക്കൂറും സഞ്ജുവും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. 31 പന്തുകള്‍ നേരിട്ട താക്കൂര്‍ 33 റണ്‍സ് നേടി മടങ്ങി. 49 പന്തില്‍ 50 റണ്‍സെടുത്ത സഞ്ജു അവസാന ഓവറുകളില്‍ ആഞ്ഞടിച്ചെങ്കിലും വലിയ വിജയലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചില്ല.

 

You Might Also Like