വീണ്ടും സെഞ്ച്വറി, സച്ചിന്‍ ബേബി നമ്മുടെ ഇതിഹാസമാണ്, കോഴിക്കോടങ്ങാടി കത്തിച്ച് കൊല്ലം ചാമ്പ്യന്മാര്‍

Image 3
CricketCricket NewsFeatured

പ്രഥമ കേരള ക്രിക്കറ്റ് ലീഗ് കിരീടം തൂക്കി കൊല്ലം സെയ്‌ലേഴ്‌സ്. ആവേശകരമായ ഫൈനലില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ ആറു വിക്കറ്റിന് തകര്‍ത്താണ് കൊല്ലം സെയ്‌ലേഴ്‌സ് ചരിത്രം കുറിച്ചത്. കാലിക്കറ്റ് ഉയര്‍ത്തിയ 214 റണ്‍സ് എന്ന വെല്ലുവിളി നിറഞ്ഞ വിജയലക്ഷ്യം കൊല്ലം 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.

കൊല്ലത്തിന്റെ ഈ വിസ്മയ വിജയത്തിന് പിന്നില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ്. 54 പന്തില്‍ നിന്ന് പുറത്താകാതെ 105 റണ്‍സ് നേടിയ സച്ചിന്‍ തന്നെയാണ് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ലീഗിലെ മികച്ച ബാറ്റ്‌സ്മാനും സച്ചിന്‍ തന്നെ, അദ്ദേഹം മൊത്തം 528 റണ്‍സ് നേടി.

ടോസ് നേടിയ കൊല്ലം നായകന്‍ സച്ചിന്‍ ബേബി ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാലിക്കറ്റിന്റെ തുടക്കം പതറിയതായിരുന്നു, 14 പന്തില്‍ 10 റണ്‍സ് നേടിയ ഒമര്‍ അബൂബക്കര്‍ ആദ്യ വിക്കറ്റായി മടങ്ങി. എന്നാല്‍ ബിജു നാരായണനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് ഇന്നിംഗ്‌സിനെ കരകയറ്റി. രോഹന്‍ ഒരു മികച്ച അര്‍ധ സെഞ്ചുറി നേടി (54 പന്തില്‍ 63 റണ്‍സ്). പിന്നീട് അഖില്‍ സ്‌കറിയയും (30 പന്തില്‍ 50 റണ്‍സ്) എം. അജിനാസും (24 പന്തില്‍ 56 റണ്‍സ്) ചേര്‍ന്ന് കാലിക്കറ്റ് സ്‌കോര്‍ ബോര്‍ഡിന് വേഗം കൂട്ടി. അവസാന ഓവറുകളില്‍ വിക്കറ്റ് വീഴ്ചകള്‍ ഉണ്ടായെങ്കിലും കാലിക്കറ്റ് 213 എന്ന മാന്യമായ സ്‌കോറില്‍ എത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വത്സല്‍ ഗോവിന്ദും (27 പന്തില്‍ 45 റണ്‍സ്) ചേര്‍ന്ന് കളിയുടെ ഗതി മാറ്റി. ഈ കൂട്ടുകെട്ട് 100 റണ്‍സ് കടന്നതോടെ കൊല്ലം വിജയത്തിലേക്ക് അടുത്തു. അവസാന ഓവറുകളില്‍ വിക്കറ്റ് വീഴ്ചകള്‍ ഉണ്ടായെങ്കിലും സച്ചിന്റെ സെഞ്ചുറിയുടെ മികവില്‍ കൊല്ലം വിജയം പിടിച്ചെടുത്തു.

ക്രിക്കറ്റ് ലീഗ് ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാലും കായിക വകുപ്പു മന്ത്രി വി. അബ്ദു റഹിമാനും ചേര്‍ന്ന് വിജയികള്‍ക്ക് പ്രഥമ ക്രിക്കറ്റ് ലീഗ് കപ്പ് സമ്മാനിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ കെ.എം. അബ്ദുള്‍ റഹിമാന്‍, കെസിഎല്‍ ചെയര്‍മാന്‍ നാസര്‍ മച്ചാന്‍, ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് കെ.വി. ഷിബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.