മരണക്കളിയില്‍ വന്‍ മാറ്റങ്ങളുമായി അര്‍ജന്റീന, തന്ത്രങ്ങള്‍ മാറ്റിപരീക്ഷിക്കാന്‍ സ്‌കലോണി

സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിന്ന് അര്‍ജന്റീനന്‍ ക്യാമ്പ് ഇതുവരെ മുക്തമായിട്ടില്ല. തോല്‍വിയുടെ കാരണങ്ങള്‍ ഇഴകീറി പരിശോധിച്ച കോച്ച് ലയണല്‍ സ്‌കലോണിയും സംഘവും മെക്‌സിക്കോക്കെതിരെ ഇറങ്ങുന്നത് ഡുഓര്‍ഡൈ മത്സരത്തിനാണ്. അതിനാല്‍ മധ്യനിരയില്‍ ചില നിര്‍ണായകമാറ്റങ്ങള്‍ക്കാണ് കോച്ച് തയാറെടുക്കുന്നത്. മധ്യനിരയില്‍ കളിനിയന്ത്രിച്ച് ഗോളവരങ്ങള്‍ സൃഷ്ടിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്.


മെക്‌സിക്കോക്കും പോണണ്ടിനുമെതിരായ ഗ്രൂപ്പിലെ രണ്ടുകളിയും ജയിച്ചാല്‍മാത്രമേ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാനാവൂ. അതിനാല്‍ ചെറിയൊരു പിഴവ് പോലും വരുത്താന്‍ നീലപടക്കാവില്ല. സൗദിയെ ചെറുതായി കണ്ടപ്പോള്‍ ഓഫ് സൈഡ് ട്രാപ്പിന് മറുതന്ത്രമുണ്ടായില്ല. ചില താരങ്ങളില്‍ അമിത വിശ്വാസമര്‍പ്പിച്ചതും തിരിച്ചടിയായി.
ടീമില്‍ മൂന്ന് മാറ്റങ്ങളെങ്കിലും വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിംഗുകളിലൂടെയുള്ള അക്രമണങ്ങള്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ വേണ്ടത്ര മൂര്‍ച്ചയുണ്ടായിരുന്നില്ല. അതിനാല്‍ രണ്ട് വിംഗ് ബാക്കുകളെ മാറ്റിപരീക്ഷിച്ചേക്കും. നെഹുവേല്‍ മൊളീനയ്ക്ക് പകരം മൊണ്ടേയേലും ടഗ്ലിയാഫിക്കോയ്ക്ക് പകരം അക്യൂനയും ആദ്യഇലവനില്‍ സ്ഥാനംപിടിക്കും.

ക്രിസ്റ്റ്യന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ വന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലൊ സെല്‍സോയ്ക്ക് പകരം പരിചയസമ്പന്നനായ പാപ്പു ഗോമസിനെ മുന്‍നിര്‍ത്തിയുള്ള നീക്കം വന്‍പരാജയമായിരുന്നു. ഡിപോളും-ഗോമസും തമ്മിലുള്ള കോമ്പിനേഷനും വേണ്ടത്ര വിജയംകണ്ടില്ല. ഇതിനാല്‍ എന്‍സോ ഫെര്‍ണാണ്ടസോ, മക് അലിസ്റ്ററോ സ്ഥാനംപിടിച്ചേക്കും. മുന്നേറ്റത്തില്‍ സീനിയര്‍താരം ഏഞ്ചല്‍ ഡി മരിയയെ പിന്‍വലിച്ച് ജൂലിയന്‍ അല്‍വാരസിയ്ക്ക് അവസരംനല്‍കാനും സാധ്യതയുണ്ട്.


മെക്‌സിക്കോയ്‌ക്കെതിരെ ലോകകപ്പില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരങ്ങളിലും അര്‍ജന്റീന ജയിച്ചിട്ടുണ്ട്. ഖത്തറില്‍ ഇന്നത്തെ പോരാട്ടത്തിലും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാര്‍ക്ക് ജയിച്ചേ തീരൂ. അതേസമയം, ഉജ്ജ്വല ഫോമിലുള്ള ഗില്‍ര്‍മോ ഒച്ചാവോയിലാണ് ടീമിന്റെ പ്രതീക്ഷ.മെസിയുടെയും സംഘത്തിന്റെയും ഷോട്ടുകള്‍ സേവ് ചെയ്ത് ടീമിന്റെ വിജയശില്‍പിയായി ഗോള്‍കീപ്പര്‍മാറുമെന്നാണ് പ്രതീക്ഷ. പോളണ്ടിനെതിരെ സമനിലനേടിയതോടെ മെക്‌സിക്കോക്കും അര്‍ജന്റീനക്കെതിരായ മത്സരം നിര്‍ണായകമാണ്. യുവനിരകരുത്തിലാണ് ഇത്തവണ ഖത്തറിലേക്കെത്തിയത്. ലുസൈല്‍ സ്‌റ്റേഡിത്തില്‍ ഇന്ത്യന്‍സമയം രാത്രി 12.30നാണ് അര്‍ജന്റീന-മെക്‌സിക്കോ പോരാട്ടം തുടങ്ങുക.

You Might Also Like