ഫ്രാന്‍സിനായി അപൂര്‍വ്വ നേട്ടം സ്വന്തമാക്കി ജിറൂഡ്

ദോഹ: പ്രീക്വാര്‍ട്ടറില്‍ സെനഗലിനെതരെ ഗോള്‍നേടിയതോടെ ഫ്രാന്‍സ് ഫുട്‌ബോളിലെ ഗോളടിവേട്ടയില്‍ ഒന്നാമനായി ഒലിവര്‍ ജിറൂഡ്. 52 ഗോളുമായാണ് വെറ്ററന്‍താരം ഫ്രഞ്ച് ടീമിന്റെ മികച്ച ഗോള്‍വേട്ടക്കാരനായത്. 116 കളിയില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ നേടിയത്. 123കളിയില്‍ നിന്ന് 51 തവണ വലകുലുക്കിയ തിയറി ഹെന്‍ട്രിയുടെ പേരിലുള്ള റെക്കോര്‍ഡാണ് മറികടന്നത്. 42 ഗോളുമായി ആന്റോണിയോ ഗ്രീസ്മാനാണ് മൂന്നാമത്.


2012 ഫെബ്രുവരി 29ന് ജര്‍മനിക്കെതിരായ സൗഹൃദമത്സരത്തിലാണ് ഫ്രഞ്ച് ടീമിനായി ജിറൂഡ് ആദ്യഗോള്‍നേടിയത്. ലോകകപ്പിന് തൊട്ടുമുന്‍പ് സൂപ്പര്‍ സ്‌ട്രൈക്കര്‍ കരിം ബെന്‍സിമ പരിക്കേറ്റ് പുറത്തായതോടെയാണ് താരത്തിന് ആദ്യഇലവനില്‍ സ്ഥാനം ലഭിച്ചത്. ക്ലബ് ഫുട്‌ബോളില്‍ സമീപകാലത്ത് അത്രമികച്ച ഫോമിലല്ലാതിരുന്നിട്ടും ദേശീയടീമില്‍ ഗോളടിച്ച് കൂട്ടുകയാണ് ഈ 36കാരന്‍. കളിക്കളത്തിലെ കഠിനാദ്ധ്വാനിയെന്ന വിശേഷണമുള്ള ജിറൂഡ് സെക്കന്റ് സ്‌ട്രൈക്കര്‍, ഫാള്‍സ് 9 പൊസിഷനുകളിലും തിളങ്ങിയിട്ടുണ്ട്. അര്‍ദ്ധാവസരങ്ങള്‍ പോലും ഗോളാക്കാന്‍ മിടുക്കുള്ള താരത്തിന്റെ മികച്ച ഫോം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടുന്ന ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസമാകുകയാണ്.

2018 ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലും 2016ല്‍ യൂറോകകപ്പ് റണ്ണേഴ്‌സപ്പായ സംഘത്തിലുമുണ്ടായിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി മൂന്ന് ഗോളുകളാണ് സ്‌കോര്‍ ചെയ്തത്. ക്ലബ് ഫുട്‌ബോളില്‍ കഴിഞ്ഞ രണ്ട് സീസണായി എ.സി മിലാനുവേണ്ടിയാണ് കളിക്കുന്നത്. 42 കളിയില്‍ നിന്ന് 16 ഗോളുകളാണ് നേടിയത്. അതിന് മുന്‍പ് ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബ് ചെല്‍സിയിലുണ്ടായിരുന്നു. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ ചെല്‍സി ടീമില്‍ അംഗമായിരുന്നു. ചെല്‍സിയില്‍ 75കളിയില്‍ 17 ഗോളും ആഴ്‌സണനില്‍ 180 മാച്ചില്‍ നിന്ന് 73 ഗോളും സ്വന്തമാക്കി.

You Might Also Like