സ്വപ്‌നവേദിയല്ലേ, എല്ലാവരും കളിക്കട്ടെ, വീണ്ടുംവീണ്ടും അത്ഭുതപ്പെടുത്തുന്നു ഈ പരിശീലകന്‍

ഏതൊരു കളിക്കാരന്റേയും സ്വപ്‌നമാണ് ലോകകപ്പില്‍ പന്തുതട്ടുകയെന്നത്. എന്നാല്‍ പ്രതിഭാധാരാളിത്വമുള്ള ടീമിലാകുമ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന് കളികാണാനാകും പലതാരങ്ങളുടേയും വിധി. എന്നാല്‍ ഇവിടെ വ്യത്യസ്തനാകുകയാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ.

തന്റെ സ്‌ക്വാര്‍ഡിലെ 26താരങ്ങള്‍ക്കും ഇതിനകം അവസരം നല്‍കികഴിഞ്ഞു ടിറ്റെ. കരുത്തരായ ഒരുപടി താരങ്ങളുള്ള കാനറികൂട്ടത്തില്‍ നിന്ന് പതിനൊന്ന് പ്ലെയേഴ്‌സിനെ കളത്തിലിറക്കുയെന്നത് തന്നെ പരിശീകനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്. എന്നാല്‍ അതുക്കുംമേലെ സ്‌ക്വാര്‍ഡിലെ മുഴുവന്‍ പേര്‍ക്കും അവസരം നല്‍കിയത് അത്ഭുതത്തോടെയാണ് ഫുട്‌ബോള്‍ ലോകം നോക്കികാണുന്നത്.


പ്രധാന ഗോള്‍കീപ്പര്‍ അലിസണ്‍ ബെക്കറിനെ പിന്‍വലിച്ച് മൂന്നാംഗോളി വെവര്‍ട്ടോണ്‍ പെരേര ഡാസില്‍വക്ക് അവസരം നല്‍കിയതോടെയാണ് ടിറ്റെ തന്റെ മുഴുവന്‍ അസ്ത്രവും പ്രയോഗിച്ച് ക്വാട്ട പൂര്‍ത്തിയാക്കിയത്. യൂറോപ്പിലേയും ലാറ്റിനമേരിക്കലിയേലും ടീമുകളും പരിശീലകരും ഇത്തരമൊരു റിസ്‌ക്കെടുക്കാന്‍ തയാറാകാതിരിക്കുമ്പോഴാണ് തന്റെ ടീമിലുള്ള ടിറ്റെയുടെ ആത്മവിശ്വാസം വ്യക്തമാകുക.

രണ്ടാംഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ കാമറൂണിനെതിരെ ഗോള്‍വലകാത്തിരുന്നു. 39കാരന്‍ ഡാനി ആല്‍വെസ് മുതല്‍ 21കാരന്‍ ഗബ്രിയേല്‍ മാര്‍ട്ടിനലി വരെ ടീമിലുണ്ട്. കാമറൂണിനെതിരെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് വെറ്ററന്‍താരം ആല്‍വസിനായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിനെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് ഒന്‍പത് മാറ്റവുമായി ഇറങ്ങിയും ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മാച്ചില്‍ അത്ഭുതം കാണിച്ചിരുന്നു.


യുവതാരങ്ങളായ ആന്റണി, റോഡ്രിഗോ, റാഫിഞ്ഞ്യോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ക്കൊപ്പം പരിചയസമ്പന്നരായ നെയ്മര്‍, കാസമിറോ, ക്യാപ്റ്റന്‍ ടിയാഗോ സില്‍വ, മാര്‍ക്കിഞ്ഞോസ് അടക്കമുള്ളവരും ഒരേതാളത്തില്‍ കളിക്കുന്നുവെന്നതാണ് ബ്രസീല്‍ ടീമിന്റെ പ്രത്യേകത.

ജര്‍മനി,ബെല്‍ജിമടക്കമുള്ള യൂറോപ്പിലെ വന്‍ടീമുകള്‍ ആദ്യറൗണ്ടില്‍ പുറത്തായതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് ടീമിന്റെ പ്രായകൂടുതലും ഒത്തൊരുമയില്ലാത്തതുമാണ്. എന്നാല്‍ ഈലോകകപ്പിലെതന്നെ ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റനായ ടിയാഗോ സില്‍വ നയിക്കുന്ന ബ്രസീല്‍ സംഘത്തില്‍ ഇത്തരത്തില്‍ യാതൊരു പ്രശ്‌നവും നേരിട്ടിട്ടില്ല. യുവതാരങ്ങളുടെ അതേ ചുറുചുറുക്കോടെ കളത്തില്‍ മുന്നേറുന്ന സില്‍വ, മികച്ച ടാഗ്ലിംഗിലൂടെയും പാസ് കൃത്യതയിലുമെല്ലാം മികച്ചുനില്‍ക്കുകയാണ്.

You Might Also Like