വെറുത്ത് വെറുത്ത് അവസാനം ഈ കോച്ചിനെ എല്ലാവരും സ്‌നേഹിച്ച് തുടങ്ങിയോ

ലോകകപ്പ് ഫുട്‌ബോളിന് ഖത്തറില്‍ പന്തുരുളുന്നതിന് മുന്‍പ് ഇംഗ്ലണ്ട് ആരാധകരും ഫുട്‌ബോള്‍ വിദഗ്ധരും ഒരേസ്വരത്തില്‍ ആശങ്ക പ്രകടിപ്പിച്ചത് കോച്ചിന്റെ കാര്യത്തിലായിരുന്നു. ഗ്യാരത് സൗത്ത്‌ഗേറ്റ് എന്ന പരിശീലകന്റെ തെറ്റായതീരുമാനങ്ങള്‍ പ്രധാനടൂര്‍ണമെന്റുകളില്‍ പലകുറി ഇംഗ്ലണ്ടിന് മടക്കടിക്കറ്റ് ലഭിക്കുന്നതിന് കാരണമായതിനാല്‍ ലോകകപ്പിലും അത് ആവര്‍ത്തിക്കരുതേയെന്നാണ് പ്രാര്‍ത്ഥിച്ചത്.

ആദ്യമത്സരത്തില്‍ ഇറാനെതിരെ 6-2 വമ്പന്‍ജയം സ്വന്തമാക്കിയ ത്രീലയണ്‍സ്, രണ്ടാംമാച്ചില്‍ യു.എസ്.എക്കെതിരെ ഗോള്‍രഹിത സമനിലയില്‍കുരുങ്ങി. ഇതോടെ സൗത്ത് ഗേറ്റിനെതിരെ മുറവിളിയുയര്‍ന്നു. എന്നാല്‍ ഇതേകുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യങ്ങള്‍തന്നെ ബാധിക്കില്ലെന്ന മറുപടിയാണ് 52കാരന്‍ നല്‍കിയത്.

ആവനാഴിയില്‍ അസ്ത്രങ്ങള്‍ ഒരുപാടുണ്ടെങ്കിലും കൃത്യമായി പ്രയോഗിക്കാനറിയില്ലെന്ന ആരോപണം 2016ല്‍ ഇംഗ്ലണ്ട് ടീം മാനേജറായി ചുമതലയേറ്റതുമുതല്‍ സൗത്ത് ഗേറ്റ് കേള്‍ക്കുന്നതാണ്. പ്രീമിയര്‍ലീഗില്‍ മികച്ച ഫോമിലുള്ളതാരങ്ങളെ ബെഞ്ചിലിരുത്തി ഫോമില്ലാത്ത താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതാണ് കളിയെ ബാധിക്കുന്നതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈലോകകപ്പില്‍ കോച്ചിന്റെ തന്ത്രങ്ങള്‍ ശരിവെക്കുന്നതാണ് ഇതുവരെ കളിക്കളത്തിലെ ഇംഗ്ലണ്ടിന്റെ പ്രകടനം വ്യക്തമാക്കുന്നത്.

ബ്രസീലും അര്‍ജന്റീനയും ഫ്രാന്‍സും സ്‌പെയിനുമടക്കമുള്ള വമ്പന്‍മാര്‍ തോല്‍വി രുചിച്ചപ്പോള്‍ ഗ്രൂപ്പ്ഘട്ടത്തില്‍ തോല്‍വിയറിയാതെയാണ് ടീം മുന്നേറിയത്. കളിക്കാര്‍തമ്മിലുള്ള കോമ്പിനേഷന്‍ മികച്ചനിലയിലെത്തിയതും വേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകള്‍ ഗോളില്‍ അവസാനിക്കുന്നതും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിനില്‍ക്കുന്ന ടീമിന് ആത്മവിശ്വാസം നല്‍കുന്നു. വിശ്വകിരീടത്തിന് മൂന്ന് വിജയം മാത്രംബാക്കിനില്‍ക്കെ ചരിത്രംതിരുത്തുന്ന പരിശീലകനാകാനുള്ള തയാറെടുപ്പിലാണ് താരം.


ഇത്തവണ ടീം പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആത്മവിശ്വാസത്തിലാണ്. പ്രീമിയര്‍ലീഗില്‍ മിന്നുംഫോമിലുള്ള പ്രധാനതാരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി. പ്രതിരോധത്തില്‍ ഹാരി മഗ്വയറിന്റെ ഫോമില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും മികച്ചപ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. ജോണ്‍സ്‌റ്റോണ്‍സും ഇരുവിംഗ് ബാക്കുകളായി കളിക്കുന്ന ലൂക്ക് ഷോയും കെയില്‍വാക്കറും അവസരത്തിനൊത്തുയരുന്നു.

ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്റേയും ഡെക്ലാന്‍ റൈസിന്റേയും പരിചയസമ്പത്തിനൊപ്പം യുവതാരം ജൂഡ് ബെല്ലിംഗ്ഹാമിനെ ആദ്യഇലവനില്‍കൊണ്ടുവരാനുള്ള കോച്ചിന്റെ തീരുമാനം നിര്‍ണായകമാകുകയാണ്. ചെല്‍സി സൂപ്പര്‍താരം മേസന്‍മൗണ്ടിനെ പുറത്തിരുത്തിയാണ് യുവതാരത്തിന് അവസരം നല്‍കിയത്.


മുന്നേറ്റനിരയില്‍ ക്യാപ്റ്റന്‍ ഹാരികെയിനൊപ്പം യുവതാരങ്ങളായ ബുക്കായസാക്കയും ഫില്‍ഫോഡനുമാണ് സെനഗലിനെതിരെ ഇറങ്ങിയത്. സാക്ക ഗോള്‍നേടിയപ്പോള്‍ രണ്ട് അസിസ്റ്റുമായി ഫില്‍ഫോര്‍ഡനും കോച്ചിന്റെ വിശ്വാസംകാത്തു. സബ്‌സ്റ്റിറ്റിയൂട്ട് ഓപ്ഷനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജാക് ഗ്രീലിഷുമുണ്ട്.അതേസമയം, ലിവര്‍പൂള്‍നിരയിലെ പ്രതിരോധകരുത്ത് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന് ഒരുമത്സരത്തില്‍ പോലും അവസരം നല്‍കാന്‍ കോച്ച് തയാറായിട്ടില്ല.

മികച്ച ക്രോസ് നല്‍കാന്‍ കെല്‍പുള്ള 24കാരനെ സബ്സ്റ്റിറ്റിയൂട്ടായിപോലും പരിഗണിച്ചില്ല. ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ഫ്രാന്‍സിനെ നേരിടുമ്പോള്‍ എംബാപെയെന്ന ഗോള്‍മെഷീനെ തടഞ്ഞുനിര്‍ത്താന്‍ എന്തുതന്ത്രമാകും സൗത്ത് ഗേറ്റ് ആവിഷ്‌കരിക്കുകയെന്നാണ് ആരാധകര്‍ഉറ്റുനോക്കുന്നത്. 2016മുതല്‍ ടീം കോച്ചായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഗേറ്റിന്റെ നേതൃത്വത്തില്‍ 2018 ലോകകപ്പില്‍ ഇംഗ്ലണ്ട് ടീം സെമിഫൈനലിലും 2020 യൂറോകപ്പില്‍ റണ്ണേഴ്‌സപ്പുമായിരുന്നു.

You Might Also Like