തൊട്ടതെല്ലാം പിഴച്ച് റെഡ് ഡെവിള്‍സ്; സുവര്‍ണതലമുറക്ക് കണ്ണീരോടെ മടക്കം

ഫിഫ ലോകറാങ്കിംഗില്‍ രണ്ടാംസ്ഥാനക്കാരായ ബെല്‍ജിയം ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിലേക്കെത്തുമ്പോള്‍ ഫേവറേറ്റുകളില്‍ ഉള്‍പ്പെട്ട സംഘമായിരുന്നു. സുവര്‍ണതലമുറസംഘത്തില്‍പ്പെട്ടവരുടെ അവസാന ലോകകപ്പെന്ന നിലയില്‍ ചരിത്രം തിരുത്തുമെന്ന് ഫുട്‌ബോള്‍ പ്രേമികള്‍ കരുതി. എന്നാല്‍ കളിക്കളത്തില്‍ പ്രതിഭകളുടെ നിഴല്‍മാത്രമായ ബെല്‍ജിയം മൊറോക്കോയോട് തോല്‍ക്കുകയും ക്രൊയേഷ്യയോട് സമനിലപിടിക്കുകയും ചെയ്തതോടെ ലോകകപ്പിന് പുറത്തേക്കുള്ള വാതില്‍തുറന്നു. ദുര്‍ബലരായ കാനഡക്കെതിരെ മാത്രമാണ് വിജയംനേടാനായത്.

കെവിന്‍ ഡിബ്രുയിനെ-ഏതന്‍ഹസാര്‍ഡ്-ലുക്കാക്കു-ഡെംഡോംഗര്‍-വിട്‌സല്‍-യാന്‍ വെര്‍ട്ടോംഗന്‍-ഗോള്‍ വലയ്ക്കു മുന്നില്‍ തിബോ ക്വാര്‍ത്വ അടക്കം പ്രമുഖരുടെ നിരയാണ് ബെല്‍ജിയം സംഘം. എന്നാല്‍ കളിക്കളത്തില്‍ പുറത്തെടുക്കേണ്ട ഒത്തുരുമ ആദ്യരണ്ട് മത്സരത്തിലും കണ്ടില്ല. വിജയം അനിവാര്യമായ ക്രൊയേഷ്യക്കെതിരായ മാച്ചില്‍ ഫിനിഷിംഗിലെ പോരായ്മയാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയും ഡിഫന്‍സും മികച്ചുനിന്നപ്പോള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലഭിച്ച മൂന്ന് സുവര്‍ണാവസരങ്ങള്‍ പുറത്തേക്കടിച്ചു.

ഇംഗ്ലീഷ് ക്ലബ് ചെല്‍സിയിലും പിന്നീട് ഇറ്റാലിയന്‍ക്ലബ് എ.സി മിലാനിലും സമീപകലാത്ത് ഫോംഔട്ടിലായിരുന്ന ലുക്കാക്കുവിനെ പ്രധാന സ്‌ട്രൈക്കറാക്കി കൊണ്ടുവരാനുള്ള ബെല്‍ജിയം കോച്ചിന്റെ തീരുമാനമാണ് കളിയില്‍ തിരിച്ചടിയായത്. ഡിബ്രുയിനെയുടെ നേതൃത്വത്തില്‍ സൃഷ്ടിച്ചെടുത്തഭാവനാനീക്കങ്ങള്‍ എങ്ങുമെത്താതെ അവസാനിച്ചു. കളിക്കാര്‍തമ്മിലുള്ള ഭിന്നതയും പ്രകടമായി.

മൊറോക്കോക്കെതിരെയുള്ള പരാജയത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബെല്‍ജിയംടീം വയസന്‍ പടയായി മാറിയെന്നും ഞ്ങ്ങള്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്നുമുള്ള കെവിന്‍ഡിബ്രുയിനെയുടെ പരാമര്‍ശം വലിയതോതില്‍ ചര്‍ച്ചയായിരുന്നു. ഡ്രസിംഗ് റൂമില്‍ ഹസാര്‍ഡും-ഡിബ്രുയിനെയും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്ന പ്രചരണവും ശക്തമായി. ഇതിന് ശേഷം ക്രൊയേഷ്യയെ നേരിട്ട ടീം ജയംനേടാതെ പുറത്തായതോടെ വരുംദിവസങ്ങളില്‍ വലിയപൊട്ടിതെറിയാകും ബെല്‍ജിയം ടീമിലുണ്ടാകുക.
പതിറ്റാണ്ടിന് ശേഷമാണ് ബെല്‍ജിയം ഫിഫ ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ പുറത്താകുന്നത്.റെഡ് ഡെവിള്‍സിലെ സുവര്‍ണ തലമുറ അണിനിരന്നിട്ടും ആദ്യറൗണ്ട് കടക്കാനാവാത്തത് വലിയചോദ്യചിഹ്നമാണ്. കഴിഞ്ഞ ലോകകപ്പില്‍ സെമി ഫൈനലിസ്റ്റുകളായ ബെല്‍ജിയം മൂന്നാ സ്ഥാനം സ്വന്തമാക്കിയിരുന്നു.

You Might Also Like