അവന്‍ കളിയ്ക്കും, അര്‍ജന്റീനയ്ക്ക് സന്തോഷ വാര്‍ത്തയുമായി സ്‌കലോണി

അര്‍ജന്റീനന്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി പരിശീലകന്‍ ലയണല്‍ സ്‌കലോണി. നെതര്‍ലാന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏഞ്ചല്‍ ഡി മരിയ കളത്തിലുണ്ടാകുമെന്ന് കോച്ച് പ്രത്യാശ പ്രകടിപ്പിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ വിജയത്തോടെ ആത്മവിശ്വാസം ഇരട്ടിയായ നീലപട ക്വാര്‍ട്ടറിന് മുന്നോടിയായി പരിശീലനവും തുടങ്ങി. പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലാണ് ഡി മരിയക്ക് പരിക്കേറ്റത്.


ഡി മരിയക്ക് പകരം പപ്പു ഗോമസാണ് ആദ്യഇലവനില്‍ സ്ഥാനം പിടിച്ചത്. ഓറഞ്ചുകാര്‍ക്കെതിരെ താരം പൂര്‍ണഫിറ്റായില്ലെങ്കില്‍ ലിയാന്‍ഡ്രോ പരേഡസിനാവും നറുക്ക് വീഴുക. അതേസമയം, നിര്‍ണായക കളിയില്‍ ഡി മരിയയുടെ എക്‌സ്പീരിയന്‍സ് ടീമിന് ഗുണംചെയ്യുമെന്നതിനാല്‍ താരത്തെ പരിഗണിക്കാന്‍തന്നെയാണ് സാധ്യത. നിലവില്‍തോല്‍വിയറിയാതെ മുന്നേറുന്ന നെതര്‍ലാന്‍ഡിനെ നേരിടുമ്പോള്‍ ഈ ലോകകപ്പിലെ ഏറ്റവും കടുപ്പമേറിയ മത്സരമാകുമെന്ന് സ്‌കലോണിക്ക് നന്നായറിയാം. ഇതോടെ കൃത്യമായ മുന്നരുക്കമാണ് ടീം നടത്തുന്നത്.

ലോകകപ്പില്‍ ഇതുവരെ ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ ലയണല്‍ മെസിയില്‍തന്നെയാണ് പ്രതീക്ഷകളത്രയും.ഗോളടിച്ചും അവസരങ്ങള്‍ സൃഷ്ടിച്ചും പ്ലേമേക്കറുടെ റോളില്‍തിളങ്ങുന്ന 35കാരന്‍ കഴിഞ്ഞ ദിവസം 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ലോകകപ്പില്‍ ഗോള്‍നേട്ടത്തില്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ മറികടക്കുകയും ചെയ്തു.ലൂയിസ് വാന്‍ഗാള്‍ പരിശീലിപ്പിക്കുന്ന നെതര്‍ലാന്‍ഡ് സംഘം പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ കരുത്തരാണ്. സ്‌ട്രൈക്കര്‍ മെന്‍ഫിസ് ഡീപേയും കോഡി ഗപ്‌കേയും മികച്ചഫോമിലാണ്. ബോക്‌സ് ടുബോക്‌സ് പ്ലെയറായി ഡെന്‍സല്‍ ഡംഫ്രിസ് യുഎസ്.എക്കെതിരെ ഗോളടിച്ചും അസിസ്റ്റ് നല്‍കിയും തിളങ്ങിയിരുന്നു. മധ്യനിരയില്‍ ഫ്രാങ്കി ഡിയോങും ഡിറോണും അവസരങ്ങള്‍ ഒരുക്കുന്നതില്‍ മിടുക്കരാണ്. വാന്‍ഡെക്, നഥാന്‍ ആകെ നയിക്കുന്ന പ്രതിരോധവും ഇതുവരെ കാര്യമായ പരീക്ഷണങ്ങള്‍ നേരിട്ടിട്ടില്ല.

 

You Might Also Like