കാണികളില്ലാതെ ഖത്തർ ലോകകപ്പ്? ആശങ്കകകൾക്ക് വ്യക്തമായ മറുപടിയുമായി ഫിഫ പ്രസിഡന്റ്

കോവിഡ് മഹാമാരിയുടെ വരവോടെ ഫുട്ബോൾ ലോകം തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലകപ്പെട്ടു കഴിഞ്ഞു. ലോക്ക്ഡൗണിന് ശേഷം ലോകം ഫുട്ബോളിലേക്ക് തിരിച്ചു വന്നെങ്കിലും കോവിഡ് മുൻകരുതലിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ കാണികളില്ലാതെയാണ് ഓരോ മത്സരങ്ങളും നടക്കുന്നത്. എന്നിരുന്നാലും താരങ്ങൾക്ക് കോവിഡ് പിടിപെടുന്നതും പ്രതിസന്ധിയിലാക്കുന്നുണ്ട്. കോവിഡിന്റെ ഇത്തരത്തിലുള്ള തിരിച്ചു വരവ് 2022 ലോകകപ്പിനെ ബാധിക്കുമോയെന്ന ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.

ഖത്തർ ലോകകപ്പ് കാണികളില്ലാതെ നടത്തേണ്ടി വരുമോയെന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ. 2022 നവംബർ 21 മുതൽ ഡിസംബർ പതിനെട്ടു വരെ നീളുന്ന ലോകകപ്പ് കാണികളെ ഉൾപ്പെടുത്തി തന്നെ മുന്നോട്ടു പോകുമെന്നുതന്നെയാണ് ഇൻഫെന്റിനോയുടെ പ്രസ്താവന. കാണികളില്ലാത്ത ലോകകപ്പ് ചിന്തിക്കാൻ പോലുമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“കാണികളില്ലാതെ 2022 ലോകകപ്പ് നടത്തുന്നതിനെക്കുറിച്ച് എനിക്ക് ആലോചിക്കാനെ കഴിയില്ല. ഇത്രയും വലിയ ഒരു മാമാങ്കം കാണികളില്ലാതെ നടത്തുമ്പോൾ അത് ഞങ്ങൾക്ക് വലിയ പ്രശ്നങ്ങലുണ്ടാക്കിയേക്കും. ലോകകപ്പ് ഖത്തറിൽ വെച്ചു തന്നെ നടക്കുമെന്നതിൽ ഒരു സംശയവും വേണ്ട. കോവിഡ് മഹാമാരിയെ ആ സമയം കൊണ്ടു തുടച്ചുനീക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.”

“ 2022ലെ മഞ്ഞുകാലത്തിനു മുമ്പേ ലോകസമൂഹം അതിനെ മറികടക്കും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഫുട്ബോൾ മത്സരങ്ങൾ ഇങ്ങനെ നിർത്തി വെക്കേണ്ടി വരുന്നത്. ഈ സാഹചര്യം വലിയ പ്രതിസന്ധി തന്നെയാണ് ഫുട്ബോൾ ലോകത്തിനു ഉണ്ടാക്കിയിരിക്കുന്നത്. കാണികളിൽ നിന്നുമുള്ള വരുമാനത്തിൽ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് പ്രത്യേകിച്ചും. ” ഇൻഫെന്റിനോ അഭിപ്രായപ്പെട്ടു.

You Might Also Like