ക്രിസ്ത്യാനോ, മെസി, ലെവൻഡോവ്സ്‌കി, ഫിഫ ബെസ്റ്റ് അവാർഡിന്റെ ഷോർട്ലിസ്റ്റ് പുറത്തു വിട്ടു

2019-20 സീസണിലെ ഫിഫ ബെസ്റ്റ് അവാർഡുകൾക്കായുള്ള അവസാന മൂന്നു താരങ്ങളുടെ ലിസ്റ്റ് ഫിഫ പുറത്തു വിട്ടിരിക്കുകയാണ്. പുരുഷന്മാരുടെ ഫിഫ ബെസ്റ്റ് അവസാനമൂന്നിലേക്ക് സൂപ്പർതാരങ്ങളായ ബാഴ്സലോണയുടെ ലയണൽ മെസിയും ബയേൺ മ്യൂണിക്കിന്റെ റോബർട്ട്‌ ലെവൻഡോവ്സ്‌കിയും യുവന്റസിന്റെ ക്രിസ്ത്യാനോ റൊണാൾഡോയേയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള ഫിഫ പുസ്കാസ് അവാർഡിന്റെ അവസാന മൂന്നിലേക്ക് മുൻ ബാഴ്സ താരം ലൂയിസ് സുവാരസും, സിയെര എസ് സിയുടെ ജോർജിയൻ ഡി അരസ്‌കേറ്റയും ടോട്ടനത്തിന്റെ സൺ ഹ്യുങ് മിന്നും തിരഞ്ഞെടുക്കപ്പെട്ടു.

ബാഴ്സക്ക് വേണ്ടി മായ്യോർക്കക്കെതിരെ സുവരാസ് നേടിയ ബാക്ഹീൽ ഗോളും ഫ്ലമെൻഗോക്കെതിരെ സിയേര എസ് സി താരം അരസ്‌കേറ്റയുടെ ഓവർ ഹെഡ് കിക്ക് ഗോളും ടോട്ടനത്തിനായി സൺ ഹ്യുങ് മിന്നിന്റെ ബേൺലി ടീമിനെ ഒന്നടങ്കം ഡ്രിബിൾ ചെയ്തു നേടിയ സോളോ ഗോളുമാണ് പുസ്കാസിന്റെ അവസാന മൂന്നിൽ ഇടം പിടിച്ചത്. പുരുഷന്മാരിലെ ബെസ്റ്റ് ഗോൾകീപ്പർ അവാർഡിലെ അവസാന മൂന്നിലേക്ക് ലിവർപൂളിന്റെ അലിസൺ ബെക്കറും ബയേണിന്റെ മാനുവൽ നൂയറും അത്ലറ്റിക്കോ മാഡ്രിഡിന്റെ ജാൻ ഒബ്ലാക്കും തിരഞ്ഞെടുക്കപ്പെട്ടു.

ഫിഫയുടെ ബെസ്റ്റ് പരിശീലകനുള്ള അവാർഡിന്റെ അവസാനമൂന്നിലേക്ക് ലീഡ്‌സിന്റെ അർജന്റൈൻ പരിശീലകൻ മാഴ്‌സെലോ ബിയേൽസയും ബയേണിന്റെ ജർമൻ പരിശീലകൻ ഹാൻസ് ഫ്ലിക്കും ലിവർപൂളിന്റെ ജർമൻ പരിശീലകനായ യർഗൻ ക്ലോപ്പിനെയും തിരഞ്ഞെടുത്തപ്പോൾ മികച്ച വനിതാ പരിശീലകരുടെ അവസാന മൂന്നിലേക്ക് ചെൽസിയുടെ എമ്മാ ഹായേസിനെയും ലിയോണിന്റെ ജീൻ ലുക് വാസറെയും ഹോളണ്ട് ടീമിന്റെ പരിശീലകയായ സറിന വെയ്ഗ്മാനേയും തിരഞ്ഞെടുത്തു.

ഫിഫ ബെസ്റ്റ് വനിതാ താരത്തിനുള്ള അവാർഡിന്റെ അവസാനമൂന്നിലേക്ക് ലിയോൺ താരം ലൂസി ബ്രോൻസും വോൾവ്സ്ബെർഗ് താരമായ പെർനിലേ ഹാർഡറും മറ്റൊരു ലിയോൺ താരമായ വെൻഡീ റെനാർഡുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ 17നു ഫിഫയുടെ ആസ്ഥാനമായ സൂറിച്ചിൽ വെച്ചാണ് പുരസ്‌കാരദാനം നടക്കുക. ഫിഫ ഫാൻ അവാർഡും ഫിഫ ഫെയർ പ്ലേ അവാർഡും അതേ ദിവസം തന്നെ പ്രഖ്യാപിക്കും

You Might Also Like