ക്യാപ്റ്റൻ ലിത്വാനിയ തിരിച്ചെത്താൻ സാധ്യത, ക്ലബ് വലിയൊരു സൂചന നൽകിയിട്ടുണ്ട്

Image 3
ISL

അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തായതോടെയാണ് കഴിഞ്ഞ ജനുവരിയിൽ പകരക്കാരനായി ലിത്വാനിയൻ ദേശീയ ടീമിന്റെ നായകനായ ഫെഡോർ ചെർണിച്ച് കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. യുവേഫ നേഷൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ കളിച്ച പരിചയവുമായെത്തിയ താരത്തിനു വലിയ രീതിയിലുള്ള വരവേൽപ്പാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകിയത്.

ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം നടത്താൻ കഴിഞ്ഞില്ലെങ്കിലും ആദ്യത്തെ സീസൺ അദ്ദേഹം മോശമാക്കിയെന്നു കരുതാൻ കഴിയില്ല. ഇന്ത്യയിലെ സാഹചര്യങ്ങളുമായും ടീമുമായും ഒത്തിണങ്ങാൻ വൈകിയത് പ്രകടനത്തെ ബാധിച്ചെങ്കിലും പ്ലേ ഓഫിൽ ഒഡിഷക്കെതിരെ നേടിയതടക്കം മൂന്ന് ഗോളുകൾ കണ്ടെത്താൻ ചെർണിച്ചിന് കഴിഞ്ഞു.

ഫെഡോർ ചെർണിച്ച് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്താൻ സാധ്യതയുണ്ടെന്നാണു കരുതേണ്ടത്. കരാർ അവസാനിച്ച വിദേശതാരങ്ങളിൽ മിലോസ്, ഫെഡോർ എന്നിവർക്ക് മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിച്ചിട്ടില്ലാത്തത്. മീലൊസ് തുടരുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെഡോറിനു നന്ദി പറയാത്തത് താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് താൽപര്യമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ഇന്ത്യയിലെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ വൈകിയത് തന്റെ പ്രകടനത്തെ ബാധിച്ചുവെന്ന് ഫെഡോർ വ്യക്തമാക്കിയിരുന്നു. കൂടുതൽ സമയം ഇവിടെ ചിലവഴിക്കാൻ സാധിച്ചാൽ ഇതിനേക്കാൾ മികച്ച പ്രകടനം അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഫെഡോറിന്റെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്ന് തന്നെയാണ്.