ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ച് ഇരട്ട ചങ്കന്‍ അംഗുലോ, ബംഗളൂരുവെ ആവേശസമനിലയില്‍ കുരുക്കി ഗോവ

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സി എഫ്‌സി ഗോവ പോരാട്ടം സമനിലയില്‍ കലാശിച്ചു. ആവേശകരമായ മത്സരത്തില്‍ ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
ബംഗളൂരുവിനായി 27ാം മിനിറ്റില്‍ ക്ലിറ്റന്‍ സില്‍വയും 57ാം മിനിറ്റില്‍ ജുവാനന്‍ (57) എന്നിവരാണ് ഗോള്‍ നേടിയത്. ഗോവന്‍ നിരയില്‍ മറുപടിയായി ഇഗോര്‍ അംഗുലോ ഇരട്ട ഗോള്‍ സ്വന്തമാക്കി. 66, 69 മിനിറ്റുകളിലാണ് അംഗൂലോ ഗോവയ്ക്ക് സമനില നേടിക്കൊടുത്തത്.
വമ്പന്‍ പോരാട്ടത്തില്‍ യുവാന്‍ ഫെറാന്‍ഡോ പരിശീലിപ്പിക്കുന്ന ഗോവ 4-2-3-1 ശൈലിയിലും കാര്‍ലെസ് കോഡ്രാറ്റിന്റെ ബെംഗളൂരു 3-4-3 ഫോര്‍മേഷനിലുമാണ് ടീമിനെ ഇറക്കിയത്. ബംഗളൂരു മലയാളി താരം ആഷിഖ് കുരുണിയന് ആദ്യ ഇലവനില്‍ അവസരം നല്‍കി.
86ാം മിനുറ്റില്‍ ഛേത്രിക്ക് പകരം മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ കളത്തിലെത്തി. 87-ാം മിനുറ്റില്‍ വിജയ ഗോള്‍ നേടാന്‍ ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോവയ്ക്കായി കിക്കെടുത്ത ബ്രാണ്ടന് മതില്‍ ഭേദിക്കാനായില്ല. നാല് മിനുറ്റ് അധികസമയവും ഇരു ടീമിനും ഗോളിലേക്ക് വഴിതുറന്നില്ല.
തിങ്കളാഴ്ച നടക്കുന്ന മത്സരത്തില്‍ ഒഡിഷ എഫ്‌സിയും ഹൈദരാബാദ് എഫ്‌സിയും തമ്മില്‍ ഏറ്റുമുട്ടും. പതിവ് പോലെ വൈകിട്ട് 7.30നാണ് മത്സരം.