വന്‍ പ്രഖ്യാപനവുമായി ഗോര്‍, ഗോവയിലേക്ക് സ്പാനിഷ് താരങ്ങളുടെ ഒഴുക്ക് തുടരുന്നു

ആദ്യ ഘട്ടത്തില്‍ ലൊബേരയെ മുന്‍ നിര്‍ത്തി മുംബൈ സിറ്റി എഫ്‌സി ഏല്‍പിച്ച അഘാതം മറികടന്ന് ഒന്നിന് പുറകെ ഒന്നായി വിദേശ താരങ്ങളെ സ്വന്തമാക്കി എഫ്‌സി ഗോവ. ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസയ്ക്ക് ശേഷം മറ്റൊരു സ്പാനിഷ് താരത്തെ കൂടി സ്വന്തമാക്കിയതായാണ് എഫ്‌സി ഗോവ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സ്പാനിഷ് സെന്‍ട്രല്‍ ബാക്ക് ഇവാന്‍ ഗരിഡോ ഗോണ്‍സാലസിനെയാണ് എഫ്സി ഗോവ സ്വന്തം നിരയിലെത്തിച്ചത്. രണ്ട് വര്‍ഷത്തേക്കാണ് ഗോണ്‍സാലസുമായുളള കരാറില്‍ ഗോവന്‍ ക്ലബ് ഒപ്പ് വെച്ചിരിക്കുന്നത്.

നിലവില്‍ പ്രതിരോധ നിരയിലെ കുറവ് പരിഹരിക്കാനാണ് ഗോണ്‍സാലസിനെ എഫ്സി ഗോവ സ്വന്തമാക്കുന്നത്. ഗോവന്‍ പ്രതിരോധ നിരയിലുണ്ടായിരുന്ന മുര്‍തദ്ദ ഫാളിനെ മുംബൈ സിറ്റി സ്വന്തമാക്കുകയും കാര്‍ലോസ് പെന്ന വിരമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പ്രതിരോധ നിരയിലേക്ക് ഒരു പ്രദാന താരത്തെ ഗോവ അന്വേഷിച്ചത്.

റയല്‍ അക്കാദമിയില്‍ കളി പഠിച്ച താരമാണ് ഗോണ്‍സാലസ്. റയല്‍ മാഡ്രിഡ് സി ടീമില്‍ 99 മത്സരവും അദ്ദേഹം കളിച്ചിട്ടുണ്ട്. നിലവില്‍ സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന കള്‍ച്ചറല്‍ ലിയോണ്‍സയിലാണ് ഗോണ്‍സാലസ് കളിക്കുന്നത്. 2016 മുതല്‍ ലിയോണ്‍സയിലെ പ്രധാന താരമാണ് ഗോണ്‍സാലസ്. 132 മത്സരങ്ങള്‍ അവിടെ കളിച്ച താരം ആറ് ഗോളും നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സ്പാനിഷ് വിംഗര്‍ ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസയെ എഫ്സി ഗോവ സ്വന്തമാക്കിയത്. സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലേറസില്‍ നിന്നാണ് മെന്‍ഡോസയെ എഫ്സി ഗോവ ടീമിലെത്തിച്ചിരിക്കുന്നത്. ബലോറസില്‍ കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങള്‍ കളിച്ച മെന്‍ഡോസ എട്ട് ഗോളും സ്വന്തമാക്കിയിരുന്നു.

You Might Also Like