പരിശീലനം ഇനിപഞ്ചായത്ത് ഗ്രൗണ്ടില്‍, അമ്പരപ്പിക്കുന്ന തീരുമാനവുമായി എഫ്‌സി ഗോവ

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കരുത്തരായ എഫ്‌സി ഗോവ അടുത്ത സീസണില്‍ പരിശീലിക്കുക പഞ്ചായത്ത് ഗ്രൗണ്ടില്‍. ഗോവയിലെ ബാര്‍ഡെസ് താലൂക്കിലെ ഗ്രാമമായ സാല്‍വദോര്‍ ഡോ മുന്‍ഡോ പഞ്ചായത്ത് ഗ്രൗണ്ടിലായിരിക്കും ഗോവന്‍ ടീമിന്റെ പരിശീലനം.

ക്ലബും പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ കരാറില്‍ ഒപ്പിട്ടു. അടുത്ത മൂന്ന് വര്‍ഷത്തേയ്ക്കാണ് പഞ്ചായത്ത് ഗ്രൗണ്ട് പരിശീലകനത്തിനായി എഫ്‌സി ഗോവയ്ക്ക് വിട്ടുനല്‍കുക.

ഗ്രൗണ്ട് പരിശീലനത്തിന് വിട്ടുകൊടുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലുളള ചില യുവതാരങ്ങള്‍ക്ക് എഫ്‌സി ഗോവ പരിശീലനം നല്‍കും. അവരുടെ ഭാവിയിലേക്കുളള വളര്‍ച്ചയ്ക്ക് വരെ ക്ലബ് ഇടപെടുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗ്രൗണ്ടിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നത് ഐഎസ്എല്‍ ക്ലബായിരിക്കും. പരിശീലനം നല്‍കേണ്ട താരങ്ങളുടെ പട്ടിക പഞ്ചായത്ത് അധികൃതര്‍ എഫ്‌സി ഗോവയ്ക്ക് കൈമാറിയിട്ടുണ്ട്.

ഇതാദ്യമായിട്ടാണ് ഒരു ഐഎസ്എല്‍ ക്ലബ് താഴേതട്ടിലേക്ക് ഇറങ്ങിചെന്ന് പരിശീലന സൗകര്യം തേടുന്നത്. ഗ്രാസ് റൂട്ട് ലെവലില്‍ ഫുട്‌ബോള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ഭാഗമായാണ് എഫ്‌സി ഗോവയുടെ ഇത്തരമൊരു നീക്കം. പ്രഫഷണല്‍ സ്റ്റാന്‍ഡേഡിലുളള ഫുട്‌ബോള്‍ പിച്ചും മികച്ച ജിംനാസ്യവും ഉളള ഗ്രൗണ്ടാണിത്.