ഇറാന്‍ ലോകകപ്പ് ഹീറോയെ സ്വന്തമാക്കുന്നു, എഫ്‌സി ഗോവ പ്രതിരോധം ഇനി ഉരുക്ക് കോട്ട
ഇറാന്‍ സൂപ്പര്‍ താരം റോസ്ബേഹ് ചെസ്മിയെ സ്വന്തമാക്കാനൊരുങ്ങി ഐഎസ്എല്ലിലെ ശക്തന്‍മാരായ എഫ്സി ഗോവ. ജെസ്മിയുടെ ഏജന്റുമായി എഫ്സി ഗോവയുടെ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് അവിടെ നിന്നും ലഭിക്കുന്ന സൂചനകള്‍.
ഗോവയുടെ പ്രധാന സെന്റര്‍ ബാക്കായ മൗര്‍റ്റാട ഫാളിനെയും കാര്‍ലെസ് പെനയെയും എഫ് സി ഗോവയ്ക്ക് നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ പുതിയ പ്രതിരോധ താരത്തിനായുളള അന്വേഷണത്തിലാണ് ഗോവ. അതെസമയം ചെസ്മിയെ അത്രയെളുപ്പത്തില്‍ എഫ്‌സി ഗോവയ്ക്ക് സ്വന്തമാക്കാനാകില്ല. വലിയ തുകയാണ് കരാര്‍ ഒപ്പിടുന്നതിന് താരം ആവശ്യപ്പെടുന്നത്.
നിലവില്‍ ഇറാനിയന്‍ ക്ലബായ എസ്തംഗ്ലലാലിന്റെ താരമാണ് ചെസ്മി. സബായേ കോം ആയിരുന്നു ആദ്യത്തെ ക്ലബ്. ഇറാന്‍ ദേശീയ ടീമിനായി ലോകകപ്പിലടക്കം 18 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട് ഈ പ്രതിരോധ താരം. ഒരു അന്താരാഷ്ട്ര ഗോളും ജെസ്മി സ്വന്തമാക്കിയിട്ടുണ്ട്.
2018ലെ ലോകകപ്പില്‍ മൊറോക്കോയെ തോല്‍പിച്ച ഇറാന്‍ ടീമില്‍ പ്രതിരോധനിരയില്‍ സുപ്രധാന പങ്കുവഹിച്ചത് ജെസ്മി ആയിരുന്നു.1998ന് ശേഷം ഇറാന്‍ ലോകകപ്പില്‍ നേടിയ വിജയമായിരുന്നു അത്. എന്നാല്‍ തുടര്‍ന്നുളള മത്സരത്തില്‍ സ്പെയിനോട് താരം പരിക്കേറ്റ് പുറത്താകുകയായിരുന്നു.
27കാരനായ ഈ പ്രതിരോധ നിരതാരം എഫ്സി ഗോവയിലെത്തിയാല്‍ അത് ഇന്ത്യന്‍ ഫുട്ബോളിന് തന്നെ നേട്ടമാകും. കൂടാതെ ഐഎസ്എല്‍ ഏഴാം സീസണില്‍ എഫ്സി ഗോവ കരുത്തരുടെ നിരയായും മാറും.