ഗോവ നിലനിര്‍ത്തുമെന്ന് കരുതി. ഇന്ത്യയില്‍ ഇനിയും കളിക്കണം, നന്ദികേടില്‍ ഉരുകി കോറോ

എഫ്‌സി ഗോവ ഈ സീസണില്‍ കൂടി തന്നെ നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സ്പാനിഷ് സൂപ്പര്‍ താരം കോറോമിറാസ്. എന്നാല്‍ അവര്‍ അത്തരത്തിലൊരു നീക്കവും നടത്തിയില്ലെന്നും താന്‍ അവര്‍ക്ക് വേണ്ടി ചെയ്ത സേവനങ്ങളൊന്നും അവര്‍ പരിഗണിച്ചില്ലെന്നും കോറോ സങ്കടപ്പെടുന്നു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ഐഎസ്എല്ലിലെ ഏറ്റവും അധികം ഗോള്‍ നേടിയ താരം മനസ് തുറന്നത്.

‘കഴിഞ്ഞ മൂന്ന് സീസണുകള്‍ മനോഹരമായിരുന്നു. ഗോവയ്ക്കായി അവരുടെ ആരാധകര്‍ക്ക് മുന്നില്‍ കളിച്ചത് ഞാന്‍ ആസ്വദിച്ചു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മുറിവേറ്റവനാണ്. എന്നെ നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചില്ല എന്നതിനാലാണ്. മാത്രമല്ല വളരെ പെട്ടെന്ന് എനിക്ക് പകരക്കാരനെ അവര്‍ കണ്ടെത്തുകയും ചെയ്തു. ഞാനവിടെ സന്തോഷവാനാണെന്നും ഇനിയും കളിക്കാന്‍ ആഗ്രഹിക്കുന്നതായും എപ്പോഴും ഞാന്‍ അവരോട് പറഞ്ഞിരുന്നു’ കോറോ പറയുന്നു.

‘സാമ്പത്തിക പ്രശനം മാത്രമല്ല ഇക്കാര്യത്തിലുണ്ടായത്. ഞാന്‍ ഇഷ്ടപ്പെടാത്ത നിരവധി കാര്യങ്ങള്‍ കഴിഞ്ഞ സീസണില്‍ അവിടെ നടക്കുകയുണ്ടായി. എന്നിട്ടും എഫ്‌സി ഗോവ ഒരു സീസണില്‍ കൂടി എന്നെ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് ഞാന്‍ കരുതി. എന്തുകൊണ്ടെന്നാല്‍ എന്റെ പ്രകടനം കഴിഞ്ഞ മൂന്ന് സീസണിലും മികച്ചതായിരുന്നു. ഗോവയിലെ ആളുകളെയും ഞാനേറെ ഇഷ്ടപ്പെട്ടിരുന്നു’ കോറു കൂട്ടിചേര്‍ത്തു.

കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഗോവയ്ക്കായി പന്ത് തട്ടിയ കോറോ 55 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഐഎസ്എല്ലില്‍ രണ്ട് തവണ ഗോള്‍ഡണ്‍ ബൂട്ടും ഈ 37കാരന്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്നതാണ് ഗോള്‍ഡണ്‍ ബൂട്ട് നഷ്ടപ്പെടാന്‍ കാരണം.

ഇന്ത്യയില്‍ നിന്ന് മറ്റൊരു ക്ലബുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നതായും എന്നാല്‍ അത് കരാറില്‍ എത്തിയില്ലെന്നും അദ്ദേഹം പറയുന്നു. ഈ സീസണില്‍ ഇന്ത്യയില്‍ തന്നെ പന്ത് തട്ടാനാണ് താന്‍ ആഗ്രഹിക്കുന്നതായും കോറോ വ്യക്തമാക്കി.

You Might Also Like