മുഖ്യ പരിശീലകനായി ബാഴ്‌സലോണന്‍ യുവകോച്ച്, അമ്പരപ്പിച്ച് ഈ ഐഎസ്എല്‍ ക്ലബ്

Image 3
FootballISL

ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് പുതിയ യുവപരിശീലകനെ പ്രഖ്യാപിച്ച് എഫ്‌സി ഗോവ. ബാഴ്‌സലോണ സ്വദേശിയായ 39കാരന്‍ ജുവാന്‍ ഫെറാണ്ടോയാണ് എഫ്‌സി ഗോവയുടെ പുതിയ പരിശീലകന്‍. നിരവധി ലാലിഗ ക്ലബുകള്‍ക്ക് ഒപ്പവും വലിയ താരങ്ങള്‍ക്ക് ഒപ്പവും പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഫെറാണ്ടോ.

മലാഗ, എസ്പാനിയോള്‍ എന്നീ ലാലിഗ ടീമുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ള പരിശീലകനാണ് ഫെറോണ്ടോ. മുമ്പ് മലാഗ ബി ടീമിന്റെ മുഖ്യ പരിശീലകനും ആയിട്ടുണ്ട്. വാന്‍ പേഴ്‌സിയുടെയും ഫാബ്രിഗസിന്റെയും ഒക്കെ ട്രെയിനര്‍ ആയും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അവസാനമായി ഗ്രീക്ക് ക്ലബായ വോലോസ് എഫ് സിയിലാണ് പ്രവര്‍ത്തിച്ചത്.

‘ഗോവയ്ക്കാരുടെ ഫുട്‌ബോള്‍ അഭിനിവേശത്തെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇനി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. നല്ല ഫുട്‌ബോള്‍ കളിച്ച് ക്ലബിനായി നല്ല വിജയങ്ങള്‍ നേടാം’ ഗോവ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ ഫെര്‍ണാണ്ടോ പറഞ്ഞു.

നേരത്തെ ഐഎസ്എല്‍ ആറാം സീസണ്‍ മധ്യത്തില്‍ മറ്റൊരു സ്പാനിഷ് പരിശീലകനായിരുന്ന ലൊബേരയെ എഫ്‌സി ഗോവ പുറത്താക്കിയിരുന്നു. മാനേജുമെന്റുമായുളള അഭിപ്രായ വ്യത്യാസമാണ് ലൊബേരയുടെ സ്ഥാനം തെറിപ്പിച്ചത്.

ഇതോടെ സഹപരിശീലകനും ഇന്ത്യയ്ക്കാരനുമായിരുന്നു കാലിഫോര്‍ഡ് മിറാന്‍ഡയുടെ നേതൃത്വത്തിലാണ് ഗോവ സീസണ്‍ അവസാനിപ്പിച്ചത്. ലീഗില്‍ ഒന്നാം സ്ഥാനം നേടിയതോടെ ഗോവ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജിലേക്കും യോഗ്യത നേടിയിരുന്നു.