പിസിബിയ്‌ക്കെതിരെ ആഞ്ഞടിച്ച് പാക് സൂപ്പര്‍ ലീഗില്‍ നിന്ന് പിന്മാറി ഓസീസ് സൂപ്പര്‍ താരം

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറി ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ജെയിംസ് ഫോക്‌നര്‍. പ്രതിഫലവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യസാങ്ങളാണ് ലീഗില്‍ നിന്നും നാടകീയമായി പന്മാറായന്‍ ഫോക്‌നറെ പ്രേരിപ്പിച്ചത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോക്‌നര്‍ തന്നെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പിന്‍മാറുന്നുവെന്ന കാര്യം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്.
ആരാധകരോട് ക്ഷമചോദിച്ച ഫോക്‌നര്‍ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനെതിരെയും പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. മുന്‍ പാക് നായകന്‍ സര്‍ഫറസ് അഹമ്മദ് നയിക്കുന്ന ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന് വേണ്ടിയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഫോക്‌നര്‍ കളിച്ചിരുന്നത്.
‘പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. നിര്‍ഭാഗ്യവശാല്‍ എനിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും പിന്മാറേണ്ടി വന്നു, ഒപ്പം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും ഞാന്‍ വിടവാങ്ങുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് എന്റെ കരാറിനെയും പ്രതിഫലത്തെയും മാനിക്കുന്നില്ല. മുഴുവന്‍ സമയവും ഞാന്‍ ഇവിടെ ഉണ്ടായിരുന്നു, എന്നിട്ടും അവര്‍ എന്നോട് കള്ളം പറയുന്നത് തുടര്‍ന്നു’ ഫോക്‌നര്‍ പറയുന്നു.
‘നിരവധി യുവ പ്രതിഭകളുള്ള, മികച്ച ആരാധകരുള്ള പാകിസ്ഥാനില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്ന് എനിക്ക് വളരെയികം ആഗ്രഹമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ ഇവിടെ നിന്നും പോകുന്നതില്‍ വേദനയുണ്ട്. എന്നാല്‍ എനിക്ക് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്നും പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും ലഭിച്ച സമീപനം അപമാനകരമായിരുന്നു. നിങ്ങള്‍ എല്ലാവരും എന്റെ നിലപാട് മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്’ ഫോക്‌നര്‍ പറഞ്ഞു.
ഓസ്‌ട്രേലിയക്ക് വേണ്ടി 94 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഫോക്‌നര്‍ 1237 റണ്‍സും 138 വിക്കറ്റും നേടിയിട്ടുണ്ട്. ഐ പി എല്ലില്‍ 60 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 527 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.