പരീക്ഷണങ്ങളുമായി അമ്പരപ്പിച്ച് വീണ്ടും ടീം ഇന്ത്യ, ദ്രാവിഡ് മനസ്സില്‍ കാണുന്നതെന്ത്

വെസ്റ്റിന്‍ഡീസിനതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും ഇന്ത്യ ഓപ്പണിംഗ് പരീക്ഷണം ആവര്‍ത്തിച്ചു. രോഹിത് ശര്‍മക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാന്‍ റിഷഭ് പന്തിനെ കാത്തിരുന്ന ആരാധകരെ ഞെട്ടിച്ച് സൂര്യകുമാര്‍ യാദവാണ് ഓപ്പണറായി ഇറങ്ങിയത്.

ഇഷാന്‍ കിഷന്‍ അന്തിമ ഇലവനിലില്ലാത്ത സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതുപോലെ റിഷഭ് പന്താവും രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നായിരുന്നു എല്ലാവരും കരുതിയത്. ഇക്കാര്യത്തിലാണ് വലിയ അട്ടിമറി സംഭവിച്ചത്. പതിവായി നാലാം നമ്പറിലിറങ്ങാറുള്ള സൂര്യ ഓപ്പറായി ഇറങ്ങിയിട്ടും മികച്ച പ്രകടനം പുറത്തെടുത്തു. 16 പന്തില്‍ മൂന്ന് ഫോറും ഒരു തകര്‍പ്പന്‍ സിക്‌സും അടക്കം 24 റണ്‍സാണ് സൂര്യ നേടിയത്.

എന്നാല്‍ ദ്രാവിഡിന്റെ ഈ മാറ്റം ആരാധകര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. ഓരോ പരമ്പരയിലും ടോപ് ഫോറില്‍ ഇത്രയും മാറ്റം വരുത്തുന്നതെന്തിനെന്നാണ് ആരാധകരുടെ ചോദ്യം. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണിംഗ് സഖ്യമാണ് രോഹിത്-സൂര്യകുമാര്‍ യാദവ് ഓപ്പണിംഗ് സഖ്യം. ഇതോടെ ഒരുവര്‍ഷം ടി20കളില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിംഗ് സഖ്യത്തെ പരീക്ഷിച്ച 2021ലെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു ഇന്ത്യ.

രോഹിത്-ഇഷാന്‍ കിഷന്‍, രോഹിത്-കെ എല്‍ രാഹുല്‍, രോഹിത് റിഷഭ് പന്ത്, സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ-സൂര്യകുമാര്‍ എന്നിങ്ങനെ വിവിധ കോംബിനേഷനുകളാണ് ഇന്ത്യ പരീക്ഷിച്ചത്. കെ എല്‍ രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നത്. നിലവിലെ ഫോമില്‍ ഇഷാന്‍ കിഷനാവും ലോകകപ്പ് ടീമിലെ ബാക്ക് അപ്പ് ഓപ്പണറും ബാക്ക് അപ്പ് വിക്കറ്റ് കീപ്പറും.

എന്നാല്‍ ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് ഇനിയും 10ല്‍ അധികം ടി20 മത്സരങ്ങള്‍ കളിക്കേണ്ടതിനാല്‍ ഈ കോംബിനേഷന്‍ മാറിമറിയാനും സാധ്യതയുണ്ട്.

You Might Also Like