മെസിയുടെ ഫ്രീകിക്ക് ഗോൾ പിറന്നത് എമിലിയാനോ മാർട്ടിനസിന്റെ തന്ത്രത്തിലൂടെയോ, വീഡിയോ പുറത്ത്

ഫ്രീ കിക്കുകൾ എടുക്കുന്നതിൽ തനിക്കുള്ള കഴിവ് മെസി പനാമക്കെതിരായ സൗഹൃദ മത്സരത്തിൽ കൃത്യമായി പ്രകടിപ്പിച്ചിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അർജന്റീന വിജയിച്ച മത്സരത്തിൽ ഒരു ഫ്രീ കിക്ക് ഗോൾ മെസി നേടിയപ്പോൾ ബാറിലടിച്ചു വന്ന മറ്റൊരു ഫ്രീ കിക്ക് ഒരു ഗോളിന് കൂടി കാരണമായി. മത്സരത്തിൽ മെസിയുടെ രണ്ടു ഫ്രീ കിക്കുകൾ ബാറിലടിച്ച് വന്നിരുന്നു.

എന്നാൽ മെസിയുടെ ആ ഫ്രീ കിക്കിന് പിന്നിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ബുദ്ധിയും പ്രവർത്തിക്കുന്നുണ്ടോയെന്നാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം പുറത്തു വന്ന മത്സരത്തിന്റെ വീഡിയോയാണ് ഇതിനു കാരണം. മെസി ഫ്രീ കിക്ക് എടുക്കാൻ നിൽക്കുമ്പോൾ പിൻനിരയിൽ അതിനു വേണ്ട തന്ത്രങ്ങൾ എമിലിയാനോ മെനയുന്നത് വ്യക്തമാണ്.

മെസിയുടെ ഫ്രീകിക്ക് തടുക്കാൻ പനാമ ഉണ്ടാക്കിയ ഡിഫെൻസിവ് വോളിൽ അർജന്റീന താരങ്ങൾ എവിടെയൊക്കെ നിൽക്കണമെന്നും ഏതൊക്കെ ഭാഗം ഒഴിവാക്കണമെന്നും എമിലിയാനോ മാർട്ടിനസ് നിർദ്ദേശം നൽകുന്നതാണ് വീഡിയോയിലുള്ളത്. മെസിയുടെ കിക്ക് എവിടേക്കാണ് പോവുകയെന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ള എമിലിയാനോ സഹതാരങ്ങളെ ഒരുക്കി നിർത്തിയതിനു പിന്നാലെ മെസി പെർഫെക്റ്റ് ഫ്രീ കിക്കിലൂടെ പന്ത് വലയിലെത്തിച്ചു ഗോൾ നേടി.

എമിലിയാനോ മാർട്ടിനസിന്റെ നിർദ്ദേശങ്ങളാണ് ഗോൾ നേടാൻ മെസിയെ സഹായിച്ചതെങ്കിൽ ഇനിയും മെസി ഒരുപാട് ഫ്രീ കിക്ക് ഗോളുകൾ നേടുമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും അർജന്റീന ടീമിന്റെ ഒത്തൊരുമയിലും എമിലിയാനോ മാർട്ടിനസ് ടീമിനെ കൃത്യമായി നയിക്കുന്നതിലും ആരാധകർ വളരെ സന്തോഷത്തിലാണ്. ഇത് ടീമിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പറയുന്നത്.

You Might Also Like