ആഴ്‌സണൽ താരത്തിന്റെ പേരു കേട്ടപ്പോൾ സന്തോഷം പോയി ഞെട്ടലായി, നെയ്‌മറുടെ പ്രതികരണം ചർച്ചയാകുന്നു

Image 3
FIFA WORLDCUP

ഇന്നലെ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ച ബ്രസീൽ ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നെയ്‌മറുടെ പ്രതികരണം ചർച്ചയാകുന്നു. സ്‌ക്വാഡ് പ്രഖ്യാപിക്കുമ്പോൾ നെയ്‌മർ തന്റെ പ്രതികരണം ലൈവായി സംപ്രേഷണം ചെയ്‌തിരുന്നു. പ്രഖ്യാപനത്തിൽ ആഴ്‌സണൽ താരമായ ഗബ്രിയേൽ ജീസസിന്റെ പേരു കേൾക്കുമ്പോൾ സന്തോഷിക്കുന്ന നെയ്‌മർ അതിനു ശേഷം ആഴ്‌സനലിന്റെ തന്നെ മുന്നേറ്റനിര താരമായ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ പേരു കേൾക്കുമ്പോൾ ഞെട്ടലും ആശ്ചര്യവും കലർന്നൊരു മുഖഭാവമാണ് നൽകുന്നത്.

സ്‌ക്വാഡ് പ്രഖ്യാപനത്തിൽ ആദ്യം വിളിച്ചത് ഗബ്രിയേൽ ജീസസിന്റെ പേരായിരുന്നു. സെപ്‌തംബറിൽ നടന്ന ബ്രസീലിന്റെ സൗഹൃദമത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം പിടിക്കാതിരുന്ന താരത്തെ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കുമോയെന്ന സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. ഈ സീസണിൽ ആഴ്‌സണലിനായി മികച്ച ഫോമിൽ കളിക്കുന്ന താരത്തിന്റെ പേരു വിളിക്കുമ്പോൾ സന്തോഷത്തോടെയാണ് നെയ്‌മർ അതിനോട് പ്രതികരിച്ചത്.

അതിനു ശേഷം സ്‌ക്വാഡിലെ അടുത്ത പേര് യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ആയിരുന്നു. ഈ സീസണിൽ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണൽ ടീമിൽ താരത്തിന്റെ പ്രകടനം വളരെ നിർണായകമാണ്. എന്നാൽ മാർട്ടിനെല്ലിയുടെ പേരു പറഞ്ഞപ്പോൾ നെയ്‌മറുടെ മുഖത്ത് സന്തോഷമൊന്നും വന്നില്ലെന്നു മാത്രമല്ല, ഞൊടിയിടയിൽ ആശ്ചര്യവും ഞെട്ടലും കലർന്നൊരു ഭാവം വന്നു പോവുകയും ചെയ്‌തു. അതേസമയം ആന്റണിയുടെ പേരു പ്രഖ്യാപിച്ചപ്പോൾ താരം ഒരു ഭാവവും കാണിച്ചില്ല.

ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപനത്തിൽ നെയ്‌മറുടെ മുഖഭാവങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ പല അഭിപ്രായങ്ങളുമായി എത്തുന്നുണ്ട്. ജീസസിന്റെ പേരു വിളിക്കുന്ന സമയത്തുള്ള സന്തോഷം മാർട്ടിനെല്ലിയുടെ പേരു പറഞ്ഞപ്പോൾ ഇല്ലാതായെന്നും എന്നാൽ ക്യാമറക്ക് മുന്നിലായതു കൊണ്ട് നെയ്‌മറത് മനഃപൂർവം ഒളിപ്പിച്ചു വെച്ചതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

നെയ്‌മറുടെ പ്രതികരണത്തിന്റെ അർത്ഥമെന്താണെന്ന് താരത്തിന് മാത്രമേ അറിയൂവെങ്കിലും ബ്രസീലിന്റെ സ്‌ക്വാഡ് കരുത്തുറ്റതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സാധ്യമായതിൽ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ടീമിന് ലോകകപ്പിൽ ഏതു വമ്പന്മാരെയും കീഴടക്കാനുള്ള കഴിവുണ്ടെന്നതിൽ സംശയമില്ല.