സഞ്ജുവിനായി ആര്‍ത്ത് വിളിച്ച് ആയിരങ്ങള്‍, ചെപ്പോയ്ക്കിലും തരംഗം തീര്‍ത്ത് മലയാളി ക്യാപ്റ്റന്‍

മലയാളി താരം സഞ്ജു സാംസണിന് ക്രിക്കറ്റ് ലോകത്തുളള സ്വീകാര്യത ഒന്ന് വേറെ തന്നെയാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് ചെന്നാലും മറ്റെല്ലാ ഇന്ത്യന്‍ താരങ്ങളേക്കാളും ആരാധകരുടെ ശ്രദ്ധാകേന്ദ്രം സഞ്ജുവാകാറാണ് പതിവ്. ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ തുടങ്ങിയവരെല്ലാം തന്നെ സഞ്ജുവിന്റെ ആരാധക പിന്തുണ കണ്ട് പലപ്പോഴും അമ്പരന്നിട്ടുണ്ട്.

ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഇന്ത്യ എയെ നയിക്കുന്നത് സഞ്ജു സാംസനാണ്. ആദ്യ മത്സരം ഇന്ത്യ തകര്‍പ്പന്‍ ജയവും സ്വന്തമാക്കിയിരുന്നു. ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സഞ്ജു ഇറങ്ങിയപ്പോള്‍ ആരാധകര്‍ ആര്‍ത്തിരമ്പുന്ന കാഴ്ച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

മത്സരത്തിന്റെ ലൈവ് ടെലകാസ്റ്റ് ഇല്ലാതെ ആയതോടെ സഞ്ജുവിന്റെ കളി കാണാന്‍ സ്‌റ്റേഡിയത്തിലേക്ക് നിരവധി ആരാധകരാണ് ഒഴുകിയെത്തിയത്. സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ ആരാധകര്‍ ആര്‍ത്തിരമ്പുകയായിരുന്നു. ഇതിന്റെ കാഴ്ച്ച ക്രിക്കറ്റ് ആരാധകരുടെ മനംകുളിര്‍ക്കുന്നതാണ്.

മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് സഞ്ജു ക്യാപ്റ്റനായി അരങ്ങേറിയ മത്സരത്തില്‍ ഇന്ത്യ എ സ്വന്തമാക്കിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 31.5 ഓവറില്‍ മറികടക്കുകയായിരുന്നു. മത്സരത്തില്‍ ഫിനിഷറുടെ റോളാണ് സഞ്ജു സാംസണ്‍ വഹിച്ചത്. 32 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും സഹിതം പുറത്താകാതെ 29 റണ്‍സാണ് സഞ്ജു നേടിയത്. 90.63 സ്ട്രൈക്ക് റേറ്റിലായിരുന്നു നായകന്റെ പ്രകടനം.

You Might Also Like