ആസൂത്രണം പാളി, വിക്ടറി പരേഡിനെത്തിയ നിരവധി പേര്‍ ആശുപത്രിയില്‍

Image 3
CricketFeaturedTeam IndiaWorldcup

ടി20 ലോകകപ്പിലെ ഇന്ത്യയുടെ വിജയം രാജ്യത്താകമാനം ആഘോഷമാക്കി മാറ്റി, ലോക ചാമ്പ്യന്മാരായ ടീം ഇന്ത്യ, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകരുമായി വിജയം പങ്കിടാൻ നടത്തിയ ഓപ്പൺബസ് ഘോഷയാത്ര ഇന്ത്യൻ കായികരംഗത്തെ പുതുചരിത്രം രചിച്ചു.

എന്നാൽ, ആഘോഷങ്ങൾക്കിടയിൽ ചില ആരാധകർക്ക് അസുഖകരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നതായാണ് ഇപ്പോൾ ഉയർന്നുവരുന്ന പരാതികൾ. ഇത്രയധിയകം ആളുകൾ തടിച്ചുകൂടും എന്ന് അറിയാമായിരുന്നിട്ടും, അധികൃതരുടെ മോശം ക്രമീകരണങ്ങളും, മാനേജ്‌മെന്റും കാരണം പലരും ബോധരഹിതരായി എന്നാണ് ജൂലൈ 4-ന് മറൈൻ ഡ്രൈവിൽ ഒത്തുകൂടിയ ക്രിക്കറ്റ് പ്രേമികൾ വെളിപ്പെടുത്തിയത്.

2007-ൽ എം.എസ്. ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയപ്പോഴത്തെ ഓപ്പൺ ബസ് ആഘോഷത്തിന് സമാനമായാണ്, ഇത്തവണയും ബിസിസിഐ ഇത്തരമൊരു ആഘോഷം ആസൂത്രണം ചെയ്തത്. ടീം ഇന്ത്യയുടെ ബസ് ഘോഷയാത്ര, നരിമാൻ പോയിന്റിലെ നാഷണൽ സെന്റർ ഓഫ് പെർഫോമിംഗ് ആർട്‌സിൽ (എൻസിപിഎ) നിന്ന് ആരംഭിച്ച് പ്രശസ്തമായ വാംഖഡെ സ്റ്റേഡിയത്തിൽ അവസാനിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണി മുതൽ തന്നെ ദക്ഷിണ മുംബൈയിൽ ജനക്കൂട്ടം കൂടാൻ തുടങ്ങിയിരുന്നു.

ജനക്കൂട്ടം കൂടിയപ്പോൾ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതായും, ജനക്കൂട്ടത്തിന്റെ തീവ്രത കാരണം ശ്വാസം മുട്ടിയതായും ആരാധകരിൽ ഒരാളായ രവി സോളങ്കി പറഞ്ഞു. സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്യാത്തതിന് അദ്ദേഹം പോലീസിനെ കുറ്റപ്പെടുത്തി.

മറ്റൊരു ക്രിക്കറ്റ് ആരാധകനായ ഋഷഭ് മഹേഷ് യാദവും, വിജയാഘോഷത്തിനിടെ സൃഷ്ടിക്കപ്പെട്ട ദൗഭാഗ്യകരമായ സാഹചര്യം വിവരിച്ചു. ബോധരഹിതനായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ചികിത്സ നൽകിയ ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും, പോലീസ്, പരേഡിനെയും ജനക്കൂട്ടത്തെയും കൈകാര്യം ചെയ്ത രീതിയിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു. ഏതാദേശം ഒന്നര ഡസനോളം ആരാധകരെയാണ് ഈ വിജയ പരേഡിനിടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സൈക്ലോൺ ബെറിൽ കാരണം ടീം ഇന്ത്യ ബാർബഡോസിൽ കുടുങ്ങിയതാണ് ലോകകപ്പ് ഹീറോകൾക്കായി ആരാധകരുടെ കാത്തിരിപ്പ് ദീർഘിപ്പിച്ചത്. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷം രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം മുംബൈയിൽ എത്തിയപ്പോൾ, ആരാധകർ അത്യാഹ്ലാദം മൂലം മതിമറന്നു.