ഫക്കുണ്ടോയുടെ മൂക്ക് തകര്‍ന്നു, ഐഎസ്എല്ലില്‍ നിന്നും പുറത്തേക്ക്

ഐഎസ്എല്‍ കളിക്കുന്ന അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേരയുടെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. ജംഷഡ്പൂര്‍ എഫ്‌സിയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഫക്കുണ്ടോ പെരേരയുടെ മൂക്കിന് പരിക്കേറ്റെന്നാണ് ക്ലബ് വിശദമാക്കുന്നത്. ഇതോടെ ഐഎസ്എല്ലിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നും ഫക്കുണ്ടോ പുറത്തായതായി ഏകദേശം ഉറപ്പായി.

നേരത്തെ ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ലൈനപ്പില്‍ പോലും ഫക്കുണ്ടോ ഇടംപിടിച്ചിരുന്നില്ല. ഇതോടെ താരത്തിന്റെ പരിക്കിനെ കുറിച്ച് ധാരാളം റൂമറുകള്‍ പ്രചരിച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ ഫക്കുണ്ടോയുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന് കടുത്ത തിരിച്ചടിയാണ്. സെറ്റ് പീസുകള്‍ അടിക്കാനുളള താരത്തിന്റെ കഴിവ് കേരളത്തിന് നിര്‍ണ്ണായകമായ പല ഗോളുകള്‍ക്കും വഴിവെച്ചിരുന്നു.

സീസണില്‍ ഏറ്റവും കൂടുതല്‍ അവസരം സൃഷ്ടിച്ച താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് ഫക്കുണ്ടോ. 28 അവസരങ്ങളാണ് സൃഷ്ടിച്ചത്. കീ പാസുകളുടെ ശരാശരിയിലും മുന്നില്‍. 2.9 ആണ് ശരാശരി. ഇതുവരെ 732 മിനിറ്റ് കളത്തില്‍ ചെലവിട്ട താരം 377 പാസുകള്‍ നല്‍കി. 438 ടച്ചുകളുമുണ്ട്.

പത്തു കളികളില്‍ നാല് പൊസിഷനുകളില്‍ പരിശീലകന്‍ ഇതുവരെ പരീക്ഷിച്ചുകഴിഞ്ഞു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായും റൈറ്റ്‌ലെഫ്റ്റ് മിഡ്ഫീല്‍ഡറായും താരം കളിച്ചു. രണ്ട് അസിസ്റ്റുകളും വന്നു. ആദ്യകളിയില്‍ നാലു മിനിറ്റാണ് കളിച്ചതെങ്കില്‍ അവസാനത്തെ അഞ്ചു കളികളിലും 90 മിനിറ്റ് കളത്തിലുണ്ടായിരുന്നു.

ടീമിലെ സെറ്റ് പീസ് വിദഗ്ധന്‍കൂടിയാണ്. കോസ്റ്റയുടെ ഗോള്‍ അളന്നുമുറിച്ച ഫ്രീകിക്കില്‍നിന്നായിരുന്നു. താരത്തിന്റെ കോര്‍ണര്‍ കിക്കുകളും അപകടംനിറഞ്ഞതാണ്. പത്ത് ക്ലബ്ബുകളില്‍ മുമ്പ് കളിച്ച പരിചയസമ്പത്തുണ്ട്. 234 കളികളും 58 ഗോളും അക്കൗണ്ടിലുണ്ട്.

അതെസമയം പോയന്റ് പട്ടികയില്‍ നിലവില്‍ ഒന്‍പതാരം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ഇനി ആറ് മത്സരങ്ങള്‍ കൂടിയാണ് ലീഗില്‍ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്.

You Might Also Like