ഫക്കുണ്ടോയുടെ പരിക്ക് ഗുരുതരം?, നിര്‍ണ്ണായക മത്സരങ്ങളില്‍ കളിക്കില്ല

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയുടെ പരിക്ക് സാരമുളളതെന്ന് സൂചന. അടുത്ത നിര്‍ണ്ണായകമായ രണ്ട് മത്സരങ്ങളിലും ഫക്കുണ്ടോ കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണഅ പുറത്ത് വരുന്നത്.

നേരത്തെ ജംഷഡ്പൂരിനെതിരായ മത്സരത്തില്‍ ലൈനപ്പില്‍ പോലും ഫക്കുണ്ടോ ഇടംപിടിച്ചിരുന്നില്ല. ഇതോടെ താരത്തിന്റെ പരിക്കിനെ കുറിച്ച് ധാരാളം റൂമറുകള്‍ പ്രചരിച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഫക്കുണ്ടോ അടുത്ത രണ്ട് മത്സരത്തില്‍ കൂടി കളിക്കില്ലെന്ന വിവരം പുറത്ത് വരുന്നത്.

പരിശീലനത്തിനിടേയാണ് ഫക്കുണ്ടോയ്ക്ക് പരിക്കേറ്റത്. ഇതാണ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ഫക്കുണ്ടോയുടെ അഭാവം കഴിഞ്ഞ മത്സരത്തില്‍ എടുത്ത് കാണിച്ചിരുന്നു. സെറ്റ് പീസുകള്‍ അടിക്കാനുളള താരത്തിന്റെ കഴിവ് കേരളത്തിന് നിര്‍ണ്ണായകമായ പല ഗോളുകള്‍ക്കും വഴിവെച്ചിരുന്നു.

നിലവില്‍ എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്‌സി എന്നിവര്‍ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന് അടുത്ത രണ്ട് മത്സരം ഉളളത്. നിലവില്‍ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും തോല്‍വി അറിയാതെ മുന്നേറുന്ന ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫ് കളിക്കണമെങ്കിലും ലീഗിലെ സൂപ്പര്‍ ടീമുകള്‍ക്കെതിരെ ജയിക്കേണ്ടത് അനിവാര്യമാണ്.

പോയന്റ് പട്ടികയില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇനി ആറ് മത്സരങ്ങള്‍ കൂടിയാണ് ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന് അവശേഷിക്കുന്നത്.