കാരണം ഐപിഎല്‍, ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഹെയ്ഡന്‍

ടി20 ലോകകപ്പില്‍ പാക് ബൗളര്‍മാരുടെ അതിവേഗ പന്തുകളാണ് ഇന്ത്യയെ തോല്‍പിച്ചതെന്ന് വിലയിരുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരവും പാകിസ്ഥാന്‍ ടീമില്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. ഐപിഎല്ലില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന പന്തുകളെയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ നേരിട്ടതെന്നും എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ പന്തുകള്‍ അവരെ വട്ടംകറക്കിയെന്നും ഹെയ്ഡന്‍ പറഞ്ഞു.

ആദ്യ രണ്ട് ഓവറിനുള്ളില്‍ ഓപണര്‍മാരായ രോഹിത് ശര്‍മ്മയെയും കെഎല്‍ രാഹുലിനെയും മടക്കിയത് അഫ്രീദിയായിരുന്നു. ഇതാണ് ഹെയ്ഡന്റെ വിമര്‍ശനത്തിന് ആധാരം.

‘കഴിഞ്ഞ മാസം നടന്ന ഐപിഎല്ലില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന പന്തുകളാണ് അവര്‍ നേരിട്ടത്. ഷഹീന്‍ അഫ്രീദിയുടെ വേഗത്തെ നേരിടുകയെന്നത് മറ്റൊരു കാര്യം തന്നെയാണ്. രോഹിതിനെയും രാഹുലിനെയും പുറത്താക്കിയ പന്തുകള്‍ അഞ്ചാഴ്ചക്കിടെ കണ്ട ഏറ്റവും മികച്ച ബോളുകളാണ്. രോഹിത് ശര്‍മ്മയെ പുറത്താക്കിയ ഫാസ്റ്റ് സിങ്ങിങ് യോര്‍ക്കര്‍ ഗംഭീരമായിരുന്നു’ ഹെയ്ഡന്‍ പറയുന്നു.

ഇന്ത്യയ്ക്കെതിരെ പത്തു വിക്കറ്റിനായിരുന്നു പാകിസ്താന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ 13 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റൊന്നും നഷ്ടപ്പെടാതെ അടിച്ചെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത പാകിസ്താന്‍ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. ഞായറാഴ്ച ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

You Might Also Like