ഫാബിഞ്ഞോക്ക് മത്സരശേഷം കൈമാറിയ ജേഴ്‌സി തിരിച്ചു വാങ്ങി ആസ്റ്റൺവില്ല യുവതാരം, രസകരമായ വീഡിയോ കാണാം

ലിവർപൂളിനെതിരായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ  ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആസ്റ്റൺവില്ലക്ക് തോൽവി രുചിക്കേണ്ടി വന്നിരിക്കുകയാണ്. പത്തോളം ഫസ്റ്റ് ടീം താരങ്ങൾക്ക്  കോവിഡ് സ്ഥിരീകരിച്ചതോടെ അണ്ടർ 23 ടീമിനെയാണ് ആസ്റ്റൺ വില്ല ലിവർപൂളിനെതിരെ അണിനിരത്തിയത്. മത്സരത്തിലെ ആസ്റ്റൺവില്ലയുടെ  ഏക ഗോൾ സ്വന്തമാക്കിയത് പതിനേഴുകാരനായ ലൂയി ബാരിയായിരുന്നു.

ലിവർപൂളിനെതിരെ ഇറങ്ങിയ ആസ്റ്റൺവില്ല ടീമിന്റെ ശരാശരി പ്രായം വെറും പതിനെട്ടു മാത്രമായിരുന്നു. ഫസ്റ്റ് ടീം മാനേജർ ഡീൻ സ്മിത്തും കോച്ചിംഗ് സ്റ്റാഫുകളും ഐസൊലേഷനിൽ പോവേണ്ടി വന്നതോടെ അണ്ടർ 23 പരിശീലകൻ  മാർക്ക്‌ ഡെലാനിയാണ്‌ ടീമിനെ നിയന്ത്രിച്ചത്.  മത്സരത്തിൽ പരിചയസമ്പന്നരായ ലിവർപൂളിനോട് തോൽവി രുചിക്കേണ്ടി വന്നെങ്കിലും മത്സരശേഷം നടന്ന രസകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ആസ്റ്റൺ വില്ലക്ക് വേണ്ടി അരങ്ങേറിയ മത്സരത്തിൽ തന്നെ ഗോൾ നേടിയ ലൂയി ബാരിയെ ചുറ്റിപറ്റിയാണ് സംഭവം നടക്കുന്നത്. മത്സരശേഷം ലിവർപൂൾ മധ്യനിരതാരം ഫാബിഞ്ഞോയുടെ ജേഴ്സിക്കായി താരം തന്റെ ജേഴ്‌സി കൈമാറ്റം ചെയ്യുകയുണ്ടായി. അതിനു ശേഷം ടണലിലേക്ക് നടക്കുകയായിരുന്ന ലൂയി ബാരിയോട് ജേഴ്‌സി തിരിച്ചു വാങ്ങിക്കാൻ ആസ്റ്റൺ വില്ല കോച്ചിംഗ് സ്റ്റാഫിലെ ഒരാൾ ബാരിയെ ഓർമിപ്പിക്കുകയായിരുന്നു.

ആസ്റ്റൺ വില്ലയിലെ അരങ്ങേറ്റമത്സരത്തിൽ കളിച്ച ജേഴ്സി എന്തിനാണ് കൈമാറിയതെന്നാണ് ഒഫീഷ്യൽ ചോദിച്ചത്. അമളി മനസിലാക്കിയ താരം ടണലിലേക്ക് ഓടിച്ചെന്നു ജേഴ്‌സി തിരിച്ചു ആവശ്യപ്പെടുകയായിരുന്നു. ഫാബിഞ്ഞോ ഒരു മടിയും കൂടാതെ തിരിച്ചു കൊടുക്കുകയും ചെയ്തു. ഈ രസകരമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.

You Might Also Like