വാതുവെപ്പ് നിയമലംഘനം, അത്ലറ്റിക്കോ മാഡ്രിഡ്‌ സൂപ്പർതാരത്തിന് പത്താഴ്ചത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്ക്

അത്ലറ്റിക്കോ മാഡ്രിഡ്‌ റൈറ്റ്ബാക്കായ  കീരൻ ട്രിപ്പിയറിനെ ഫുട്ബോളിൽ നിന്നും പത്താഴ്ചത്തേക്ക് വിലക്കിയിരിക്കുകയാണ് ഫുട്ബോൾ അസോസിയേഷൻ.  ഫുട്ബോൾ അസോസിയേഷന്റെ ബെറ്റിംഗ് നിയമങ്ങൾ ലംഘിച്ചതിനാണ് താരത്തെ ഫുട്ബോളിൽ നിന്നും വിലക്കിയിരിക്കുന്നത്. ഒപ്പം 70,000 പൗണ്ട് പിഴയും താരത്തിൽ നിന്നും ഈടാക്കാനും  ഫുട്ബോൾ അസോസിയേഷൻ വിധിച്ചിരിക്കുകയാണ്.

ആരോപണ വിധേയനായ  ട്രിപ്പിയറിനെ കഴിഞ്ഞ മെയ് മാസത്തിലാണ് ഫുട്ബോൾ അസോസിയേഷൻ വിചാരണക്ക് വിധിക്കുന്നത്. അതു കൊണ്ടു തന്നെ ഒക്ടോബറിൽ നടന്ന ഇംഗ്ലണ്ടിന്റെ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള സ്‌ക്വാഡിൽ നിന്നും ഡെന്മാർക്കിനെതിരായ നേഷൻസ് ലീഗ് ഫിക്സ്ചറിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നു. ടോട്ടനം ഹോട്ട്സ്പറിൽ നിന്നും 2019ൽ സ്പെയിനിലേക്ക് ചേക്കേറുന്ന സമയത്ത് നടന്ന വാതുവെപ്പിനെ ചുറ്റിപ്പറ്റിയാണ് കേസ് ഉയർന്നു വന്നിരിക്കുന്നത്.

ഒരു സ്വാതന്ത്ര കമ്മീഷനെയാണ് വിചാരണക്കായി ചുമതലപ്പെടുത്തിയിരുന്നത്. വിചാരണക്കുശേഷം താരത്തിനു നേരെ ഉയർന്ന നാലു ആരോപണങ്ങൾ ശരിയാണെന്നു തെളിയുകയും മൂന്നു ആരോപണങ്ങൾ കമ്മീഷൻ തള്ളിക്കളയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2021ഫെബ്രുവരി 28 വരെ താരത്തെ ലോകമാകമാനം ഫുട്ബോൾ സംബന്ധിയായ പ്രവർത്തനങ്ങളിൽ നിന്നും വിലക്കിയിരിക്കുന്നത്.

ഫുട്ബോൾ താരങ്ങൾക്ക് വാതുവെക്കാൻ പാടില്ലാത്തതും വളരെയധികം രഹസ്യമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമം E8 (1)(a)(ii), നിയമം E8 (1)(b) എന്നിവ ലംഘിച്ചതായാണ് ട്രിപ്പിയറിനെതിരെ ആരോപിച്ചിരിക്കുന്നത്. ഇതോടെ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ചെൽസിയുമായുള്ള ചാമ്പ്യൻസ്‌ലീഗിന്റെ റൗണ്ട് ഓഫ് 16 ആദ്യപാദ മത്സരത്തിനു ട്രിപ്പിയറിനു പങ്കെടുക്കാൻ സാധിക്കില്ലെന്നു ഉറപ്പായിരിക്കുകയാണ്. അത്ലറ്റിക്കോ മാഡ്രിഡ് ടീമിലെ പ്രധാനതാരത്തെ നഷ്ടപ്പെട്ടത് സിമിയോണിക്ക് കൂടുതൽ തിരിച്ചടിയായിരിക്കുകയാണ്.

You Might Also Like