ടെസ്റ്റ് ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഓസീസിന്റെ പ്ലാന്‍ ബി, ഞെട്ടി ഫൈനലിസ്റ്റുകള്‍

Image 3
CricketCricket News

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്ന ഇന്ത്യയേയും ന്യൂസിലന്‍ഡിനേയും ആകാംക്ഷയില്‍ അകപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നേരത്തെ ഉപേക്ഷിച്ച ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വീണ്ടും നടത്താനാണ് ഇരുക്രിക്കറ്റ് ബോര്‍ഡുകളും ആലോചിക്കുന്നത്.

നേരത്തെ മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ ഓസ്‌ട്രേലിയയുടെ ടെസ്റ്റ് പരമ്പര ആലോചിച്ചത്. ഇതിനായി ഓസ്‌ട്രേലിയ 19 അംഗ ടീമിനേയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ കോവിഡ് കേസുകള്‍ പെരുകുന്നത് പരിഗണിച്ച് പരമ്പര ക്രിക്കറ്റ് ഓസ്‌ട്രേലിയ ഉപേക്ഷിയ്ക്കുകയും ചെയ്തു.

ഇതോടെ ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരെ പരമ്പര 3-1ന് ജയിച്ചതോടെ ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടി.

എന്നാല്‍ പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്മാറിയതോടെ സാമ്പത്തിക നഷ്ടം സംഭവിച്ചു എന്നും നഷ്ടപരിഹാരം നല്‍കണം എന്നും ആവിശ്യപ്പെട്ട് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഐസിസിയെ സമീപിച്ചു. ഇതോടെയാണ് പരമ്പര വീണ്ടും നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുങ്ങുന്നത്.

ഇത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയന്റ് നിലയെ എങ്ങനെ ബാധിക്കും എന്നറിയാനുളള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് ജയിച്ചാല്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ മറികടന്ന് ഫൈനലിലേക്ക് യോഗ്യത നേടും. നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തായതിനാല്‍ മറ്റ് ഭീഷണികളൊന്നുമില്ല.