ഇംഗ്ലണ്ട് കപ്പടിച്ചപ്പോൾ ഭൂമിയിൽ ദിനോസറുകൾ; ട്രോളി പാട്രിക് എവ്‌ര

യൂറോകപ്പ് സെമി ഫൈനലിൽ ഡെന്മാർക്കിനെതിരെ അണിനിരക്കാൻ ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ രൂക്ഷമായി പരിഹസിച്ച് ഫ്രഞ്ച് ഇതിഹാസം പാട്രിക് എവ്‌ര. ഇംഗ്ലണ്ട് ഫുട്ബോളിൽ കാര്യമായി എന്തെങ്കിലും നേടിയപ്പോൾ ദിനോസറുകൾ ഭൂമിയിൽ ഉണ്ടായിരുന്നുവെന്നാണ് എവ്‌രയുടെ പരിഹാസം. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഇംഗ്ലണ്ടിന് വിജയാശംസകൾ നേരാനും എവ്‌ര മടിച്ചില്ല.


ഇംഗ്ലണ്ടിന്റെ കടുംചുവപ്പ് ജേഴ്‌സിയും, ഗലേഗർ സഹോദരന്മാരെ ഓർമ്മിപ്പിക്കുമാറ് ഒരു ‘ഒയാസിസ്‌’ വിഗും വച്ച്, ജീവനുള്ള  മീനിനെ മൈക്കായും ഉപയോഗിച്ചാണ് എവ്‌രയുടെ പരിഹാസ വീഡിയോ. ഫാറ്റിബോയ് സ്ലിമ്മിന്റെ ഒരു റീമിക്സ് പാരഡിയും അദ്ദേഹം പാടുന്നുണ്ട്.

ഇത് തിങ്കളാഴ്ച്ച, കുറെയായി കാത്തിരിക്കുന്നു. ഇംഗ്ലണ്ട് അവസാനം കപ്പടിച്ചപ്പോൾ ദിനോസറുകൾ പോലും ഉണ്ടായിരുന്നു ഭൂമിയിൽ. അതുകൊണ്ട് നിങ്ങൾക്ക് കഴിയും. വരൂ കപ്പടിക്കൂ. ഇങ്ങനെ പോകുന്നു എവ്‌രയുടെ വരികൾ.

തുടർന്ന് കയ്യിലെ മീനിനെ ചൂണ്ടിക്കാട്ടി ‘നോക്കൂ, മീനിന് ഇപ്പോഴും ജീവനുണ്ട്, എന്നും അദ്ദേഹം പറയുന്നുണ്ട്”. ശേഷം മീനിന്റെ നാറ്റം സഹിക്കാൻ വയ്യാതെ എവ്‌ര കാറിന്റെ സൺറൂഫ് താഴ്ത്തിയിടുന്നതും, സൺറൂഫിലൂടെ ചാടിരക്ഷപെടുന്നതും മറ്റുമാണ് രസകരമായ വിഡിയോയിൽ. എന്തായാലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ വീഡിയോ ട്വിറ്ററിൽ ഇപ്പോൾ ട്രെൻഡിങ്ങാണ്.

You Might Also Like