അവന്‍ ലോകോത്തര ബാറ്റ്‌സ്മാന്‍, ഇന്ത്യന്‍ താരത്തിന്റെ പ്രതിഭയില്‍ അമ്പരന്ന് പൊള്ളാര്‍ഡ്

Image 3
CricketTeam India

ഇന്ത്യയ്‌ക്കെതിരെ പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടി വെസ്റ്റിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. സൂര്യകുമാര്‍ യാദവ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണെന്നാണ് പൊള്ളാര്‍ഡ് വിലയിരുത്തുന്നത്.

‘2011ല്‍ ആദ്യമായി മുംബൈ ഇന്ത്യന്‍സിലേക്ക് അവന്‍ എത്തിയ നാള്‍ മുതല്‍ സൂര്യകുമാര്‍ യാദവിനെ എനിക്ക് നന്നായി അറിയാം. സൂര്യ വളരെ കഠിനാധ്വാനിയാണ്. മുംബൈയിലേക്ക് അവന്‍ എത്തിയത് മുതല്‍ അവനോടൊപ്പം കളിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. നിലവില്‍ സൂര്യയുടെ ഈ വളര്‍ച്ച കാണുമ്പോള്‍ സന്തോഷമുണ്ട്’ പൊള്ളാര്‍ഡ് പറയുന്നു.

‘സൂര്യകുമാര്‍ യാദവ് ഒരു 360 ഡിഗ്രി പ്ലയെര്‍ കൂടിയാണ്. ഒരു 360 ഡിഗ്രി ബാറ്റ്സ്മാനെന്ന നിലയില്‍ അദ്ദേഹം തനിക്ക് വേണ്ടിയും ടീമിനായും ഇപ്പോള്‍ മഹത്തരമായ കാര്യങ്ങളാണ് ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ഏതൊരു ബാറ്റ്സ്മാനും സൂര്യയുടെ ബാറ്റില്‍ നിന്നും ഓരോ പേജ് വീതം എടുക്കാവുന്നതാണ്’ പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു.

വിന്‍ഡീസിനെതിരെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. മൂന്നാം മത്സരത്തിലെ താരവും പരമ്പരയിലെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടത് സൂര്യകുമാര്‍ യാദവ് ആയിരുന്നു. പരമ്പരയില്‍ തകര്‍പ്പന്‍ പ്രകനമാണ് സൂര്യ കാഴ്ച്ചവെച്ചത്. മൂന്നാം ടി20യില്‍ വെറും 31 പന്തില്‍ നേടിയ 65 റണ്‍സ് ലോക ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.